റിക്രൂട്ടിംഗ് തട്ടിപ്പിൽ​െപട്ട അഞ്ച് മലയാളി യുവാക്കള്‍ ദുരിതത്തിൽ

റാസല്‍ഖൈമ: യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഡാബറിലെ തൊഴില്‍ സ്വപ്​നം കണ്ട് ലക്ഷങ്ങള്‍ മുടക്കി വിമാനം ഇറങ്ങിയ മലയാളി യുവാക്കള്‍ റാസല്‍ഖൈമയില്‍ ദുരിതത്തില്‍. കോട്ടയം സ്വദേശികളായ അരുണ്‍ ഫിലിപ്പ്, അനൂപ് സാം, രാജേഷ്, സച്ചിന്‍ ഗോപാല്‍, കൊല്ലം സ്വദേശിയായ റിജൊ ജോസഫ് എന്നിവരാണ് ഓണ്‍ലൈനില്‍ ഏജന്‍സിയുടെ വ്യാജ പരസ്യം വിശ്വസിച്ച് ചതിയിലകപ്പെട്ടവര്‍. ഒക്ടോബര്‍ ആദ്യവാരമാണ് ഡാബറില്‍ സെയില്‍സില്‍ ജോലി ഒഴിവ് എന്ന പരസ്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അരുണ്‍ ഫിലിപ്പ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 

ഓണ്‍ലൈനിലുള്ള ഇ-മെയിലും ഫോണ്‍ വഴിയുമെല്ലാം ബന്ധപ്പെട്ടപ്പോള്‍ വിശ്വസനീയമായി തോന്നി. 1300 ദിര്‍ഹവും ഭക്ഷണവും താമസവുമായിരുന്നു വാഗ്​ദാനം. വിസക്ക് ഒരാള്‍ക്ക് 85,000 രൂപയാണ് നിശ്ചയിച്ചത്. പാസ്പോര്‍ട്ടും ഫോട്ടോയും ഏജന്‍സി പ്രതിനിധിയുടെ നിര്‍ദേശമനുസരിച്ച് ദല്‍ഹി ഓഫീസിലേക്ക് അയച്ചു. ആവശ്യപ്പെട്ട പ്രകാരം അഞ്ച് പേര്‍ക്ക് വിസ അനുവദിക്കുന്നതിന് നാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ആക്​സിസ് ബാങ്ക് ഫരീദാബാദ് ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറിലും നിക്ഷേപിച്ചു. തുടര്‍ന്ന് ദല്‍ഹി ഓഫീസില്‍ എത്തണമെന്നും ഇവിടെ നിന്ന് പാസ്പോര്‍ട്ടുകള്‍ സ്വീകരിച്ച് യു.എ.ഇയിലേക്ക് പറക്കാമെന്നും അറിയിപ്പ് ലഭിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് വിമാനം മാര്‍ഗം ദല്‍ഹിയി​െലത്തെി. 

ദല്‍ഹിയിലെ താമസ-യാത്രാ ചെലവുകളുടെ രശീതി സമര്‍പ്പിച്ചാല്‍ എല്ലാ പണവും കമ്പനി അനുവദിച്ച് തരുമെന്നും തങ്ങളെ വിശ്വസിപ്പിച്ചു. താമസ സ്ഥലത്ത് വെച്ച് തൊഴില്‍ കരാറെന്ന പേരില്‍ പേപ്പറില്‍ ഓരോരുത്തരെയും കൊണ്ട് ഒപ്പിടുവിച്ചു. ശമ്പള വിവരത്തിനൊപ്പം രണ്ട് വര്‍ഷത്തേക്കുള്ള ജോലിയാണെന്നും മുടക്കിയ പണം തിരികെ ലഭിക്കുന്തെല്ലെന്നുമായിരുന്നു കരാറിലെ ഉള്ളടക്കം.ഒക്ടോബര്‍ 30ന് ദല്‍ഹിയിലത്തെിയ തങ്ങള്‍ 31ന് ദല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ സന്ദര്‍ശക വിസയിലാണ് ഷാര്‍ജയില്‍ ഇറങ്ങിയത്. ഏജന്‍സിയുടെ ആളെന്ന പേരില്‍ ഒരാള്‍ വരികയും ടാക്​സിയില്‍ കയറ്റുകയും ചെയ്​തു. ഒഴിഞ്ഞ സ്ഥലത്ത് ഏറെ നേരം നിര്‍ത്തിയ ടാക്​സിക്ക് സമീപം മറ്റൊരു കാറില്‍ എത്തിയ ആള്‍ വിസ നടപടികള്‍ക്കെന്ന പേരില്‍ തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ഏജന്‍സി പ്രതിനിധി ഇയാള്‍ക്ക് അയച്ചു കൊടുത്ത തങ്ങളുടെ പടങ്ങള്‍ കണ്ടപ്പോള്‍ കമ്പനി പ്രതിനിധിയാണെന്ന് വിശ്വസിച്ചാണ് പാസ്പോര്‍ട്ടുകള്‍ കൈമാറിയത്. 
റാസല്‍ഖൈമയിലേക്കുള്ള ടാക്​സിയുടെ വാടക കൊടുക്കണമെന്നും താന്‍ അവിടെ എത്തുമെന്നും പറഞ്ഞ്​ ഇയാള്‍ സ്ഥലം വിട്ടു. ജസീറ അല്‍ ഹംറയില്‍ ആളൊഴിഞ്ഞ ലേബര്‍ ക്യാമ്പിലാണ് തങ്ങള്‍ക്ക് താമസം ഒരുക്കിയത്.

രണ്ട് ദിവസം കഴിഞ്ഞിട്ടും ആരും എത്തിയില്ല. പന്തികേട് തോന്നിയതിനാല്‍ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര​​െൻറ ഫോണില്‍ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വില്‍സണ്‍ തോമസ്, നസീര്‍ ചെന്ത്രാപ്പിന്നി എന്നിവര്‍ തങ്ങളുമായി ബന്ധപ്പെടുകയും കോണ്‍സുലേറ്റില്‍ വിവരം അറിയിക്കുകയും ഇവര്‍ ഒരുക്കിയ സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തതായി യുവാക്കള്‍ പറഞ്ഞു.

യുവാക്കള്‍ വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയിലകപ്പെടുകയായിരുന്നുവെന്ന് യുവകലാ സാഹിതി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി വില്‍സണ്‍ തോമസ്, റാക് യൂനിറ്റ് സെക്രട്ടറി നസീര്‍ ചെന്ത്രാപ്പിന്നി എന്നിവര്‍ പറഞ്ഞു. യുവാക്കള്‍ക്ക് ലഭിച്ചിട്ടുള്ള തൊഴില്‍ നിയമന പത്രം വ്യാജമാണെന്നും ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആരെയും നിശ്​ചയിച്ചിട്ടില്ലെന്നുമുള്ള വിവരമാണ് ഡാബര്‍ വൃത്തങ്ങളില്‍ നിന്നും അറിഞ്ഞത്. വിഷയം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ധരിപ്പിച്ചതായും റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും യുവാക്കളുടെ പ്രശ്​നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    
News Summary - gulf job recruitment-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.