മനാമ: അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ബഹ്റൈൻ വെള്ളിയാഴ്ച ഇറങ്ങുന്നു. ഇറാഖിലെ ബസ്റ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് ‘ബി’യിലെ അവസാന മത്സരത്തിൽ കുവൈത്താണ് ബഹ്റൈന്റെ എതിരാളികൾ. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. വെള്ളിയാഴ്ചത്തെ മത്സരത്തിൽ സമനില കൈവരിച്ചാലും ടീമിന് സെമിയിലെത്താൻ കഴിയും. എന്നാൽ, തോൽവി വഴങ്ങിയാൽ സെമിപ്രവേശനം കടുപ്പമാകും.
പത്തു തവണ ചാമ്പ്യന്മാരായ കുവൈത്തിന് ഖത്തറിനൊപ്പം മൂന്നു പോയന്റാണുള്ളത്. ഇന്ന് ജയിക്കാനായാൽ അവർക്ക് ബഹ്റൈനൊപ്പം എത്താൻ കഴിയും. വെള്ളിയാഴ്ചതന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ യു.എ.ഇയെ നേരിടുന്ന ഖത്തറിനും വിജയം അനിവാര്യമാണ്. യു.എ.ഇക്കെതിരെ ജയം നേടാനായാൽ അവർക്കും ആറു പോയന്റാകും. മൂന്നു ടീമിനും ആറു പോയന്റ് എന്ന സാഹചര്യം വന്നാൽ ഗോൾ ശരാശരിയെ അിടസ്ഥാനമാക്കിയായിരിക്കും രണ്ടു ടീമുകൾ സെമിയിൽ എത്തുക.
രണ്ടു മത്സരങ്ങളും തോറ്റ യു.എ.ഇ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. കുവൈത്തിനെതിരായ മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുന്നതെന്ന് ബഹ്റൈൻ കോച്ച് ഹെലിയോ സൂസ പറഞ്ഞു. ഖത്തറിനെതിരായ കഴിഞ്ഞ മത്സരത്തിൽ പിന്നിൽനിന്ന് പൊരുതിക്കയറിയാണ് ബഹ്റൈൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയത്. ഗ്രൂപ് ‘എ’യിൽ ഇറാഖിനും ഒമാനും നാലു പോയന്റ് വീതമാണുള്ളത്. മൂന്നു പോയന്റുള്ള സൗദി അറേബ്യ മൂന്നാം സ്ഥാനത്തും രണ്ടു മത്സരങ്ങളും തോറ്റ യമൻ അവസാന സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.