ദുബൈ: കുടുംബാംഗങ്ങളെ ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിലേക്ക് എത്തിക്കാൻ ഓരോരുത്തർക്കും ഇനി പ്രത്യേകം അപേക്ഷ വേണ്ട. കുടുംബത്തിന് സംഘമായി അപേക്ഷിക്കാവുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അനുവദിച്ചുതുടങ്ങി. ഇതിന്റെ അപേക്ഷക്ക് ഐ.സി.പി വെബ്സൈറ്റിലാണ് സൗകര്യം. സന്ദർശനത്തിന് എത്തുന്നത് ഒരുമിച്ചാണെങ്കിലാണ് ഈ രീതിയിൽ അപേക്ഷിക്കാൻ കഴിയുക.'
അപേക്ഷക്ക് ഒരു കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി, സാധുവായ മെഡിക്കൽ ഇൻഷുറൻസ്, യു.എ.ഇയിൽനിന്ന് മടക്ക ടിക്കറ്റ്, 4000 ഡോളർ (ഏകദേശം 14,700 ദിർഹം) ബാങ്ക് ബാലൻസുള്ള ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, താമസസ്ഥലത്തിന്റെ രേഖ(ഹോട്ടലോ താമസസ്ഥല വിലാസമോ മതിയാകും) എന്നിവയാണ് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്. ഐ.സി.പി വെബ്സൈറ്റ് അനുസരിച്ച്, വിസ നിരക്ക് 750 ദിർഹമാണ്. 3,025 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.
നേരേത്ത കുടുംബങ്ങൾക്ക് വിനോദസഞ്ചാരം, ചികിത്സ, രോഗിയോടൊപ്പം അനുഗമിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ഗ്രൂപ് വിസ അനുവദിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി)യാണ് ഇക്കാര്യം അറിയിച്ചത്. സ്മാർട്ട് ചാനലുകളിലൂടെ ലഭ്യമാകുന്ന വിസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ അപ്ഡേറ്റ് ചെയ്തത് അറിയിച്ചാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
സവിശേഷത
അഞ്ചുവർഷ കാലാവധിയുള്ള വിസയാണിത്
18 വയസ്സിൽ കുറഞ്ഞ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കാണ് അനുവദിക്കുക
90 ദിവസം വരെ തുടർച്ചയായി യു.എ.ഇയിൽ താമസിക്കാം
വർഷത്തിൽ 180 ദിവസത്തേക്ക് നീട്ടാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.