ആസ്റ്റർ വളന്റിയേഴ്സ് ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുക്കുന്നവർ
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സ് ‘ജോയ് ഓഫ് ഗിവിങ്’ റമദാൻ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ആസ്റ്റർ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയുടെ പിന്തുണയോടെ, ദുബൈ പൊലീസുമായി സഹകരിച്ചാണ് 1.5ലക്ഷം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർച്ചയായ ഏഴാം വർഷമാണ് സംരംഭം നടപ്പിലാക്കുന്നത്. ആസ്റ്റർ വളന്റിയേഴ്സിന്റെ നൂറിലധികം വരുന്ന സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ, ദുബൈയിലെ ആറ് പ്രധാന ട്രാഫിക് ജംഗ്ഷനുകളിലാണ് യാത്രികർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുക. പ്രതിദിനം ശരാശരി 5,000 ഇഫ്താർ കിറ്റുകളാണ് വിതരണം ചെയ്യുക. ഓരോ കിറ്റിലും ഈത്തപ്പഴം, വെള്ളം, കേക്ക്, ജ്യൂസ് എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് യാത്രക്കിടെ നോമ്പുതുറക്കുന്നവർക്ക് ഏറെ സഹായകരമാകുന്നതാണ്.
റമദാൻ അനുകമ്പയുടെയും ഐക്യത്തിന്റെയും സമയമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. ഇഫ്താർ കിറ്റ് വിതരണം വാഹന യാത്രികർക്ക് സുരക്ഷിതമായും കൃത്യസമയത്തും നോമ്പുതുറക്കാനുള്ള സൗകര്യം ഉറപ്പാക്കുന്നു.
ഇതിലൂടെ വിദൂര പ്രദേശങ്ങളിലെ കമ്യൂണിറ്റികളിലും സേവനമെത്തിക്കാൻ സാധിക്കുന്നു. ആസ്റ്റർ വളന്റിയേഴ്സിന്റെ ‘ജോയ് ഓഫ് ഗിവിങ്ങ്’ സംരംഭത്തിലൂടെ, ഏറ്റവും ആവശ്യമുള്ളവർക്ക് ആശ്വാസവും പിന്തുണയും നൽകാനുള്ള പ്രതിബദ്ധതയാണ് നിറവേറ്റപ്പെടുന്നതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.