ദുബൈയിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ

ദുബൈ: നഴ്​സുമാർക്ക്​ ഗോൾഡൻ വിസ പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. 15 വർഷത്തിൽ കൂടുതൽ കാലം ദുബൈയിൽ സേവനം ചെയ്തവർക്കാണ്​ 10വർഷത്തെ വിസക്ക്​ അവസരം ലഭിക്കുക. സമൂഹത്തിന്​ നൽകുന്ന സേവനത്തിന്‍റെ മൂല്യവും, ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നഴ്​സുമാരുടെ സുപ്രധാന പങ്കും പരിഗണിച്ചാണ്​ തീരുമാനം എടുത്തിട്ടുള്ളത്.

ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്‌സിങ്​ ജീവനക്കാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും ആരോഗ്യകരമായ ഒരു സമൂഹത്തെയും മെച്ചപ്പെട്ട ജീവിത നിലവാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ അത്യാവശ്യ പങ്കാളികളാണാവരെന്നും ​ശൈഖ്​ ഹംദാൻ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്​ പറഞ്ഞു. രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമർപ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും പ്രശംസിക്കുന്നു. ദുബൈ അവരുടെ മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയുമാണ്​ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മേയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ്​ പ്രഖ്യാപനം പുറത്തുവിട്ടത്​. കഴിഞ്ഞ വർഷം ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപകദിനത്തിന്റെ ഭാഗമായി ശൈഖ്​ ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സംരംഭകർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക്​ ഗോൾഡൻ വിസ നൽകിയിരുന്നു. നഴ്​സുമാർക്ക്​ ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക്​ ഉപകാരപ്രദമാണ്​.

Tags:    
News Summary - Golden visa for nurses in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.