ജി.ഡി.ആർ.എഫ്.എയിൽ ആരംഭിച്ച വിദ്യാഭ്യാസ പ്രദർശനം അതിഥികൾ നോക്കിക്കാണുന്നു
ദുബൈ: രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവകലാശാലകളെ പങ്കെടുപ്പിച്ചുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ) സംഘടിപ്പിച്ച എലൈറ്റ് എജുക്കേഷൻ ഗേറ്റ്വേ 2025 വിദ്യാഭ്യാസ പ്രദർശനം ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ആയിശ മിറാൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബൈ പൊലീസ് അക്കാദമി ഡയറക്ടർ ബ്രിഗേഡിയർ ഡോ. സുൽത്താൻ അബ്ദുൽ ഹമീദ് അൽ ജമാൽ, ഷാർജ പൊലീസ് സയൻസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ബാസിം ഹസൻ അൽ നഖ്ബി, കനേഡിയൻ യൂനിവേഴ്സിറ്റി ഇൻ ദുബൈ പ്രസിഡന്റ് ബട്ടി അൽ കിന്ദി, ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ ജനറൽമാർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ, അക്കാദമിക് പണ്ഡിതർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളെ യു.എ.ഇയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകളുമായി പരിചയപ്പെടുത്തി അക്കാദമിക്, കൗൺസിൽ, കരിയർ തിരഞ്ഞെടുപ്പ് എന്നിവക്ക് വഴി തെളിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
പ്രദർശനത്തിൽ 20 പ്രാദേശിക സർവകലാശാലകളും ലോകത്തിലെ മികച്ച 200 റാങ്കിങ്ങിലുള്ള എട്ട് അന്താരാഷ്ട്ര സർവകലാശാലകളും പങ്കെടുക്കുന്നുണ്ട്. 200ലധികം ആഗോള അക്കാദമിക് പ്രോഗ്രാമുകൾ വിദ്യാഭ്യാസ മേളയിൽ പരിചയപ്പെടുത്തും. പ്രത്യേക അന്താരാഷ്ട്ര അഡ്മിഷൻസ് കോർണറും പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു.ശാസ്ത്രീയ ഗവേഷണ അവാർഡിന്റെ രണ്ടാം പതിപ്പും മികച്ച അധ്യാപകരെ ആദരിക്കുന്ന ‘ഇൻസ്പയറിങ് ടീച്ചർ’ സംരംഭവും പരിപാടിയുടെ ഭാഗമായി നടക്കും. ജി.ഡി.ആർ.എഫ്.എ ദുബൈ ആസ്ഥാനത്ത് രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.