ജൈടെക്സ് വേദിയിൽ ‘പയനിയേഴ്സ് ഫോർ എക്സലൻസ്’ കരാർ ഒപ്പുവെക്കുന്ന
ചടങ്ങിൽ ഉദ്യോഗസ്ഥർ
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പയനിയേഴ്സ് ഫോർ എക്സലൻസ് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.
ദുബൈ ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാമിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ദുബൈ ഗവൺമെന്റ് ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്, ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ്, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ, ദുബൈ സ്പോർട്സ് കൗൺസിൽ തുടങ്ങിയ പ്രധാന സർക്കാർ വകുപ്പുകളും പങ്കാളികളായി. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 പ്രദർശന വേളയിലാണ് സർക്കാറിന്റെ സേവന മികവിനും നൂതനത്വത്തിനുമുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കരാർ ഒപ്പുവെച്ചത്.
ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സ ഈസാ ബുഹുമൈദ്, ദുബൈ ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഡോ. ലുയീ മുഹമ്മദ് അൽ ബൽഹൂൽ, ദുബൈ ഹ്യൂമൺ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഈസ ബിൻ നാസർ ബിൻ നതൂഫ്, ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുത്തവ, ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് ഹാരിബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗവൺമെന്റ് സ്ഥാപനങ്ങൾ തമ്മിൽ അറിവും പരിചയസമ്പന്നതയും കൈമാറ്റം ചെയ്യുന്നത് ശക്തമാക്കുകയും മികച്ച പ്രായോഗിക മാതൃകകൾ പങ്കുവെച്ച് സ്ഥാപന മികവും പ്രവർത്തനക്ഷമതയും വർധിപ്പിക്കുകയുമാണ് കരാറിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.