അബൂദബി: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാത 2030 അവസാനത്തോടെ പൂർത്തിയാകും.അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ കോൺഫറൻസിലാണ് മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് ആസൂത്രണം ചെയ്ത പാതക്ക് 2,120 കി.മീറ്റർ നീളമുണ്ടാകും.
യു.എ.ഇയിൽ പാത നിലവിൽ നിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിലുമായാണ് ബന്ധിപ്പിക്കുക. യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പാതയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഇത് മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ ട്രെയിനുകളും ചരക്ക് ട്രെയിനുകളും പാതയിൽ ഓടും. പദ്ധതിയിലെ എല്ലാ അംഗ രാജ്യങ്ങളിലും പ്രവർത്തനങ്ങൾ ആരംഭിച്ചതായും ചിലയിടങ്ങളിൽ രൂപരേഖകൾ തയാറാക്കുന്ന ഘട്ടത്തിലും ചിലയിടങ്ങളിൽ നിർമാണം ആരംഭിച്ചതായും മറ്റു ചില ഭാഗങ്ങളിൽ സർവിസ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി.
പദ്ധതി പൂർത്തിയായാൽ അബൂദബിയിൽ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് അഞ്ചു മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ എത്തിച്ചേരാനാകും.അതുപോലെ ഒമാനിൽ നിന്ന് കണ്ടെയ്നറുകൾ കുവൈത്തിലെത്തിക്കാൻ 20 മണിക്കൂറിൽ കുറഞ്ഞ സമയം മാത്രം മതിയാകും. അതിർത്തികളിൽ തടസ്സമില്ലാത്ത യാത്രയാണ് റെയിൽപാതയിൽ ആസൂത്രണം ചെയ്യുന്നത്.
ട്രെയിനിൽ കയറുന്നതിന് മുമ്പായി തന്നെ എമിഗ്രേഷൻ നടപടികൾ അടക്കമുള്ളവ പൂർത്തിയാകും. 2009ലാണ് റെയിൽപാത സംബന്ധിച്ച പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദിയിലെ ദമ്മാം വഴി ഖത്തറിലേക്കും ബഹ്റൈനിലേക്കും നീളുന്നതും പിന്നീട് യു.എ.ഇയിലേക്കും ഒമാനിലേക്കും എത്തിച്ചേരുന്നതുമായ രീതിയിലാണ് പാത ആസൂത്രണം ചെയ്തിട്ടുള്ളത്.
കിങ് ഹമദ് കോസ്വേ പദ്ധതിയിലൂടെയാണ് സൗദിയും ബഹ്റൈനും തമ്മിൽ പാത ബന്ധിപ്പിക്കുക. ഈ വർഷം ഖത്തർ മന്ത്രിസഭ ജി.സി.സി പാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ കരടിന് അംഗീകാരം നൽകിയിട്ടുണ്ട്. സൗദിയിൽ നിലവിൽതന്നെ മികച്ച റെയിൽവേ സംവിധാനമുണ്ട്. ഇതിനെ പുതിയ പാതകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.