ദുബൈ: നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ പെട്രോൾ, ഡീസൽ നിരക്കിൽ കുറവ്. കഴിഞ്ഞമാസം നേരിയ വർധന രേഖപ്പെടുത്തിയശേഷമാണ് കുറവുണ്ടായിരിക്കുന്നത്.
സൂപ്പർ 98 പെട്രോളിന് 2.63 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസമിത് 2.77 ദിർഹമായിരുന്നു. 2.66 ദിർഹമായിരുന്ന സ്പെഷൽ 95 പെട്രോൾ നിരക്ക് 2.51 ദിർഹമായും 2.58 ദിർഹമായിരുന്ന ഇപ്ലസ് 91 പെട്രോൾ നിരക്ക് 2.44 ദിർഹമായും കുറഞ്ഞിട്ടുണ്ട്. ഡീസലിന് പുതിയ നിരക്ക് 2.67 ദിർഹമാണ്. ഒക്ടോബറിൽ നിരക്ക് 2.71 ദിർഹമായിരുന്നു.
വെള്ളിയാഴ്ച അർധരാത്രി 12 മണിമുതൽ പുതുക്കിയ വില പ്രാബല്യത്തിൽവരും. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ അനുസരിച്ചാണ് യു.എ.ഇയിലും ഇന്ധന വില നിർണയ സമിതി ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. നിരക്ക് മാറ്റം ടാക്സി നിരക്കിലും മറ്റും പ്രതിഫലിക്കും. നിരക്ക് കുറഞ്ഞത് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസകരമാണ്. പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നതിൽ ഇന്ധന വിലക്ക് നിർണായകമായ പങ്കുണ്ട്. ഇന്ധന വിലസ്ഥിരത ഗതാഗത ചെലവുകളും മറ്റ് സാധനങ്ങളുടെ നിരക്കുകളും നിയന്ത്രിക്കാൻ സഹായിക്കും. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള 25 രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. 2015 മുതലാണ് അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കി രാജ്യത്തും ഇന്ധനവില പുതുക്കുന്ന രീതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.