ദുബൈ: കാൻസർ ബോധവത്കരണത്തിനും ചികിത്സാ ധനസമാഹരണത്തിനുമായി ലാഭേഛ്ചയില്ലാതെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ ഫ്രണ്ട്സ് ഒഫ് കാൻസർ പേഷ്യൻറ്സിന് വീണ്ടും അവാർഡ്. വേൾഡ് സസ്റ്റയിനബിലിറ്റി കോൺഗ്രസിൽ രണ്ട് ആഗോള പുരസ്കാരങ്ങളാണ് സംഘത്തിന് ലഭിച്ചത്. കാൻസർ ബാധിച്ച കുഞ്ഞുങ്ങൾക്കായി നടത്തിയ ജോയ് കാർട്ട് പദ്ധതി, സ്തനാർബുദം തടയുന്നതിന് രാജ്യവ്യാപകമായി നടത്തിയ പിങ്ക് കാരവനിൽ ഒരുക്കിയ കോർപ്പറേറ്റ് വെൽനസ് സി.എസ്.ആർ പരിപാടി എന്നിവയാണ് സമ്മാനം നേടിക്കൊടുത്തത്.
1999 മുതൽ മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകി കാൻസർരോഗികൾക്കായി പ്രവർത്തനം നടത്തി വരുന്ന സംഘത്തിന് യു.എ.ഇ ദാനവർഷം ആചരിക്കുന്ന വേളയിൽ പുരസ്കാരങ്ങൾ തേടിയെത്തിയത് അത്യന്തം ചാരിതാർഥ്യജനകമാണെന്ന് ബോർഡ് ഒഫ് ഡയറക്ടേഴ്സ് ചെയർപേഴ്സൻ സവ്സാൻ ജാഫർ പറഞ്ഞു.
എല്ലാ പ്രായക്കാരും ദേശക്കാരുമായ കാൻസർ രോഗികളെ പിന്തുണക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ അവാർഡായി സംഘടന കാണുന്നത്.
ഷാർജ ഭരണാധികാരിയുടെ പത്നിയും കുടുംബ കാര്യ സുപ്രിം കൗൺസിൽ ചെയർപേഴ്സനും സംഘടന സ്ഥാപകയും രക്ഷാധികാരിയുമായ ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ ജീവകാരുണ്യ ദർശനങ്ങൾ യാഥാർഥ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഇവയെല്ലാം. 4,200ലേറെ രോഗികൾക്കാണ് ഇതുവരെ സംഘടന സഹായമെത്തിച്ചത്. അതിനൊപ്പം ലോകമൊട്ടുക്കും കാൻസർ ചികിത്സയുടെയും ചികിത്സക്കു ശേഷമുള്ള പിന്തുണയുടെയും സന്ദേശമെത്തിക്കാനും രോഗികളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വൈകാരിക പിന്തുണ നൽകാനും സംഘടനക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.