ദുബൈ: റമദാനിലുടനീളം എമിറേറ്റിലെ പ്രധാന പൊതു പാർക്കുകളിൽ സൗജന്യ ആരോഗ്യ പരിശോധന കാമ്പയിൻ പ്രഖ്യാപിച്ച് ഡിപാർട്ട്മെന്റ് ഓഫ് ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റിബ്ൾ ആക്ടിവിറ്റീസ് (ഔഖാഫ്). ‘സ്റ്റപ് ഓഫ് ലൈഫ്’ എന്ന റമദാൻ കാമ്പയിന്റെ ഭാഗമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്.
നേരത്തേയുള്ള കണ്ടെത്തലും പ്രതിരോധ പരിചരണവും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. പ്രൈം മെഡിക്കൽ കെയർ, നൂർ ദുബൈ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കാമ്പയിനിൽ സന്ദർശകർക്ക് സൗജന്യ മെഡിക്കൽ പരിശോധനകൾ നടത്തും. ഫെബ്രുവരി 26 മുതൽ മാർച്ച് അഞ്ചുവരെ 12 പ്രധാന പാർക്കുകളിലായിരിക്കും ആരോഗ്യ പരിശോധന കാമ്പയിൻ സംഘടിപ്പിക്കുക. ഖുർആനിക് പാർട്ട്, കൈറ്റ് ബീച്ച്, നാൽ ഷിബ പാർട്ട് എന്നിവിടങ്ങളിൽ വൈകീട്ട് നാലു മുതൽ മഗ്രിബ് ബാങ്ക് വിളിക്കുന്നത് വരെ പരിശോധന ലഭ്യമാകും. സന്ദർശകരുടെ എണ്ണം അനുസരിച്ച് പരിശോധന സെഷൻ ദീർഘിപ്പിക്കാനും പദ്ധതിയുണ്ട്. കണ്ണ് പരിശോധന, രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കൽ എന്നിവ പരിശോധനകളിൽ ഉൾപ്പെടും.
സ്ഥിരതാമസക്കാർക്കിടയിൽ വിട്ടുമാറാത്ത രോഗങ്ങളുടെ വർധന കണ്ടെത്തൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഔഖാഫ് അധികൃതർ അറിയിച്ചു. തിരക്കേറിയ പൊതുയിടങ്ങളിൽ സമൂഹത്തിലേക്ക് നേരിട്ട് പ്രതിരോധ ആരോഗ്യ സന്ദേശങ്ങൾ എത്തിക്കുന്നതിൽ മൊബൈൽ മെഡിക്കൽ യൂനിറ്റുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
റമദാനിൽ കുടുംബങ്ങൾ ഒത്തുചേരുന്ന പാർക്കുകളിലും പൊതുസ്ഥലങ്ങളിലും കൂടുതൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കാൻ ഇത്തരം സംരംഭങ്ങൾ സഹായകമാവുമെന്ന് ചാരിറ്റബ്ൾ വർക്ക് സെക്ർ ആൻഡ് ജനറൽ കോഓഡിനേറ്റർ എക്സിക്യുട്ടിവ് ഡയറക്ടർ മുഹമ്മദ് മുസ്ബാഹ് ദാഹി പറഞ്ഞു. കുടുംബങ്ങളിൽനിന്നുള്ള അവബോധത്തിലൂടെയാണ് ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.