അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
പരിപാടി
ഷാർജ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മേയ് 18 ഞായറാഴ്ച ഷാർജ മ്യൂസിയംസ് അതോറിറ്റിയുടെ കീഴിലെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. മെയ് 15 മുതൽ 22 വരെ നടക്കുന്ന വിവിധ പരിപാടികളും അതോറിറ്റി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
‘വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിലെ മ്യൂസിയങ്ങളുടെ ഭാവി’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിക്കുന്നത്. ഭാവിതലമുറയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനും നിലവിലുള്ള ഡിജിറ്റൽ, സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതിനും മ്യൂസിയങ്ങളെ സജ്ജമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയത്തിലൂടെ പങ്കുവെക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അറിവ്, സ്വത്വം, സാംസ്കാരിക അവബോധം എന്നിവ പകർന്നുനൽകുന്ന സുപ്രധാന കേന്ദ്രങ്ങളായി മ്യൂസിയങ്ങളെ വീക്ഷിക്കുന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുമായി യോജിക്കുന്നതാണ് പ്രമേയം.
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി, ഷാർജ മ്യൂസിയംസ് അതോറിറ്റി ഞായറാഴ്ച മുതൽ മേയ് 20 വരെ തുടർച്ചയായി മൂന്ന് രാത്രികളിൽ അതിന്റെ ലാൻഡ്മാർക്ക് കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ അലങ്കരിക്കും. എസ്.എം.എയുടെ ആസ്ഥാനം, ഷാർജ പുരാവസ്തു മ്യൂസിയം, ഷാർജ ഫോർട്ട്, ഷാർജ ആർട്ട് മ്യൂസിയം, റെസിസ്റ്റൻസ് സ്മാരകം എന്നിവ ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.