ദുബൈ: യു.എ.ഇയിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. വിവിധ സേവനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള അംഗീകൃത തുകയേക്കാൾ വളരെ കൂടുതൽ കൈപ്പറ്റുന്ന ഏജന്‍റുമാരുടെ തട്ടിപ്പിൽ ജാഗ്രത വേണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോൺസുലേറ്റ് അധികൃതർ ആവശ്യപ്പെട്ടു.
നേരത്തെയും ഇത് സംബന്ധിച്ച് കോൺസുലേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മൃതദേഹം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ നിരക്ക് ഈടാക്കുന്നതായി പ്രവാസികൾക്കിടയിൽ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്(ഐ.സി.ഡബ്ല്യു.എഫ്) കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക കൂട്ടായ്മകളുടെ പാനൽ വഴി കോൺസുലേറ്റ് മൃതദേഹം കൊണ്ടുപോകുന്നതിന് സഹായം അനുവദിക്കുന്നുണ്ട്.
ഇന്ത്യൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം മരിച്ചയാൾക്ക് തൊഴിലുടമ അല്ലെങ്കിൽ സ്പോൺസർ ഇല്ലെങ്കിലും, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്ന ഇൻഷുറൻസ് പോളിസിയില്ലെങ്കിലുമാണ് ഈ സഹായം ലഭിക്കുക. ഈ സാഹചര്യത്തിൽ മരിച്ചയാളുടെ കുടുംബം ഒരു ചെലവും വഹിക്കേണ്ടതുമില്ലെന്നും കോൺസുലേറ്റ് അറിയിപ്പിൽ പറഞ്ഞു. യു.എ.ഇ നിയമപ്രകാരം മരിച്ച ജീവനക്കാരന്‍റെ കുടുംബം ആവശ്യപ്പെട്ടാൽ മൃതദേഹം ജന്മനാട്ടിലോ, താമസസ്ഥലത്തോ എത്തിക്കാനുള്ള എല്ലാ ചെലവും തൊഴിലുടമ വഹിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും ഇന്ത്യൻ കോണസുലേറ്റിനെ ആശ്രയിക്കണമെന്നാവശ്യപ്പെട്ട അധികൃതർ 24മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ നമ്പറും പങ്കുവെച്ചിട്ടുണ്ട്. +971507347676(മൊബൈൽ/വാട്സ്ആപ്), 80046342 (ടോൾഫ്രീ) എന്നിവയാണ് ഹെൽപ് ലൈൻ നമ്പറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.