ദുബൈയിൽ പുതിയ നാല് ബസ് റൂട്ടുകൾ, 70 എണ്ണത്തിൽ മാറ്റം

ദുബൈ: തിരക്കേറിയ യാത്രാസമയങ്ങളിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബൈ റോഡ്‌ ഗതഗാത അതോറിറ്റി(ആർ.‌ടി.‌എ) നാല് പുതിയ ബസ് റൂട്ടുകൾക്ക് തുടക്കമിടുന്നു. നിലവിലുള്ള 70ലധികം റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ജനുവരി ഒമ്പത് മുതലാണ് പുതിയ റൂട്ടുകളും മാറ്റങ്ങളും നടപ്പാക്കുക. അൽ സത്‌വ, ജുമൈറ 3, അൽ വസ്ൽ എന്നിവക്കിടയിലെ നിലവിലുള്ള സർവിസുകളിലെ തിരക്ക് കുറക്കുന്നതിനാണ് പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലാണ് പുതിയ റൂട്ടിൽ സർവിസുകൾ നടത്തുക. റൂട്ട് 88എ, റൂട്ട് 88ബി, റൂട്ട് 93എ, റൂട്ട് 93ബി എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ.

രാവിലെ തിരക്കേറിയ സമയത്ത് അൽ സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3 വരെയാണ് റൂട്ട് 88 എ സർവിസ് നടത്തുക. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത്, റൂട്ട് 88ബി ജുമൈറ 3 മുതൽ അൽ സത്വ ബസ് സ്റ്റേഷൻ വരെ എതിർദിശയിൽ സർവീസ് നടത്തും. രാവിലെ തിരക്കേറിയ സമയങ്ങളിൽ, റൂട്ട് 93എ അൽ സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് അൽ വാസൽ വരെ ഒരു ദിശയിലേക്ക് സർവിസ് നടത്തും. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത്, റൂട്ട് 93ബി അൽ വസ്ൽ മുതൽ അൽ സത്വ ബസ് സ്റ്റേഷൻ വരെ എതിർദിശയിൽ സർവിസ് നടത്തും. യാത്രക്കാരുടെ ദൈനംദിന സഞ്ചാരം എളുപ്പമാക്കാനും അവരുടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമായി റണ്ണിങ് സമയമാറ്റം, റൂട്ട് സ്റ്റോപ്പ് സീക്വൻസ് മാറ്റങ്ങൾ/തിരുത്തൽ, ടൈംടേബിൾ മാറ്റം, ഡിപ്പോ മാറ്റങ്ങൾ, മറ്റ് പരിഷ്കാരങ്ങൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഗതാഗത ശൃംഖലയിൽ ഗതാഗതം സുഗമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറക്കുന്നതിനും ആർ.‌ടി.‌എ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്. കൂടുതൽ വിവരങ്ങൾ ‘സഹ്ൽ’ ആപ്പിൽ ലഭ്യമാണ്.

Tags:    
News Summary - Four new bus routes in Dubai, 70 changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.