ദുബൈ: നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക് പ്രവാസി ഇന്ത്യ നൽകുന്ന സൗജന്യ വിമാന ടിക്കറ്റ് വിതരണം ആരംഭിച്ചു. അബൂദബി, മുസഫ, ഷാർജ, ദുബൈ എന്നിവിടങ്ങളിലായി പത്തിലധികം ടിക്കറ്റുകൾ അർഹതപ്പെട്ടവർക്ക് കൈമാറി. ഓരോ യാത്രക്കാരനും പി.പി.ഇ കിറ്റും ടിക്കറ്റിനൊപ്പം നൽകുന്നുണ്ട്. സുമനസ്സുകളുടെ സഹായത്തോടെയാണ് ടിക്കറ്റ് വിതരണം നടക്കുന്നത്.
ഒന്നാം ഘട്ടത്തിൽ 100 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്ന സഹായ പദ്ധതിക്ക് നിരവധി അപേക്ഷകരാണുള്ളത്. അതിനാൽ ടിക്കറ്റുകളുടെ എണ്ണം 150 ആക്കി ഉയർത്തിയതായും സംഘാടകർ അറിയിച്ചു.ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.
ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഹ്രസ്വകാല വിസയിലെത്തി നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി നിവൃത്തിയില്ലാത്തവർ, അടിയന്തരമായി നാട്ടിൽ ചികിത്സക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരിൽനിന്ന് അർഹരായവരെ കണ്ടെത്തിയാണ് ടിക്കറ്റുകൾ നൽകിവരുന്നത്.
സൂക്ഷ്മമായി പരിശോധിച്ച് അർഹരായവർക്ക് മാത്രമാണ് സഹായം അനുവദിക്കുക. എംബസിയിൽ രജിസ്റ്റർ ചെയ്ത് യാത്രക്ക് തയാറാവാൻ നിർദേശം ലഭിച്ചിട്ടും ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിയവർക്കാണ് ഇതുവരെ ടിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.