ദുബൈ: എമിറേറ്റിലെ ഹൈവേ ശുചീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ അഞ്ച് ഓട്ടോമാറ്റിക് വാഹനങ്ങൾ കൂടി സജ്ജമാക്കി ദുബൈ മുനിസിപ്പാലിറ്റി. അന്താരാഷ്ട്ര നിലവാരമുള്ള അതിനൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന വാഹനങ്ങൾക്ക് പ്രതിദിനം 2,250 കിലോമീറ്റർ റോഡുകൾ വൃത്തിയാക്കാൻ സാധിക്കും. ഇതോടൊപ്പം എമിറേറ്റിലെ വ്യത്യസ്ത റൂട്ടുകളും ഏരിയകളും വൃത്തിയാക്കുന്നതിനായി നിലവിലെ ശുചീകരണ സൗകര്യങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിയന്ത്രണ വകുപ്പ് ആക്ടിങ് ഡയറക്ടർ സഈദ് അബ്ദുൽ റഹീം സഫർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സമാന രീതിയിലുള്ള നാല് ശുചീകരണ വാഹനങ്ങൾകൂടി അനുവദിക്കും. ശക്തമായ കാറ്റിലും കൊടുങ്കാറ്റിലും റോഡുകളിൽ മണൽ അടിഞ്ഞുകൂടിയാൽ ദ്രുതഗതിയിൽ പ്രതികരിക്കാനുള്ള ശേഷി ഇതുവഴി ശക്തിപ്പെടും. കൂടാതെ പ്രതിദിനം 20 ഇടങ്ങളിൽ അടിയന്തരമായി ശുചീകരണം സാധ്യമാക്കാനും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജോലികളുടെ ഉൽപാദനക്ഷമതയും ഫീൽഡ് നിയന്ത്രണ കാര്യക്ഷമത വർദ്ധിപ്പിക്കും. 24 മണിക്കൂറും നഗരം വൃത്തിയായി സൂക്ഷിക്കാൻ ഇതുവഴി സാധിക്കും.
നിലവിൽ 151 ശുചീകരണ തൊഴിലാളികളും 18 സൂപ്പർ വൈസർമാരുമാണ് ദുബൈ മുനിസിപ്പാലിറ്റിയിലുള്ളത്. ഈ വർഷം തുടക്കത്തിൽ ഉണ്ടായ റോഡ് അപകടങ്ങൾ, റോഡുകളുടെ ഇരുവശത്തുമുണ്ടാകുന്ന തടസ്സങ്ങൾ, ചത്ത മൃഗങ്ങൾ, മണൽ മാലിന്യം എന്നിവ നീക്കം ചെയ്യുന്നതുൾപ്പെടെ 670 അടിയന്തര പ്രവൃത്തികളാണ് ഈ ടീം നടത്തിയത്. കൂടാതെ ഏഴു ശുചിത്വ ബോധവത്കരണ കാമ്പയിനുകളും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഇതിലുടെ റോഡരികിലെ 14 ടൺ പുല്ലുകൾ, ഉണങ്ങിയ മരങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാൻ സാധിച്ചുവെന്നും സഈദ് സഫർ പറഞ്ഞു. ഹൈവേ ശുചീകരണത്തിന് മാത്രമായുള്ള 35 അത്യാധുനിക വാഹനങ്ങൾ ഉൾപ്പെടെ 752 ശുചീകരണ വാഹനങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.