ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ യു.എ.ഇയിലെ അഞ്ചെണ്ണം

അജ്മാൻ: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ അഞ്ചു നഗരങ്ങൾ ഇടംപിടിച്ചു. ആദ്യ നാലു സ്ഥാനങ്ങളും യു.എ.ഇയിലെ നഗരങ്ങൾക്കാണ്​. നംബിയോയുടെ 2026ലെ മിഡ്-ഇയർ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്​ അജ്മാൻ ആണ്​. അബൂദബി രണ്ടാമതും റാസൽഖൈമ മൂന്നാമതും ഷാർജ നാലാമതും സ്ഥാനങ്ങൾ സ്വന്തമാക്കി. ദുബൈ ആറാം സ്ഥാനത്താണ്. ആഗോള സുരക്ഷാ റാങ്കിങ്ങിൽ യു.എ.ഇയുടെ മികവിന്​ അടിവരയിടുന്നതാണ്​ ഈ നേട്ടം.

നൂതന പൊലീസ് സംവിധാനം, ഉടനടിയുള്ള അടിയന്തര പ്രതികരണം, കമ്യൂണിറ്റി പങ്കാളിത്തം, പൊതുസുരക്ഷയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള നവീന സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ചുള്ള സുരക്ഷയാണ്​ റാങ്കിങ്ങിൽ അജ്​മാന്​ ഒന്നാം സ്​ഥാനം നേടിക്കൊടുത്തത്​. യു.എ.ഇ നേതൃത്വത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെയും എ.ഐ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എമിറേറ്റിലെ സുരക്ഷാ സൗകര്യങ്ങൾ നിരന്തരം വികസിപ്പിക്കുന്നതിന്‍റെയും ഫലമാണ് ഈ നേട്ടമെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ്​ സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി എ.ഐ, പ്രെഡിക്റ്റീവ് ടെക്നോളജികൾ, ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നിവ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ മാതൃകയാണ് അജ്മാൻ പൊലീസ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളെ തത്സമയ അനലിറ്റിക്കൽ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചാണ്​ എമിറേറ്റിന്‍റെ ‘അജ്മാൻ, ദി സിറ്റി ഓഫ് സേഫ്റ്റി’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുന്നത്​. അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇത് സഹായിക്കുന്നു. മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായുള്ള സവിശേഷ സേവനങ്ങളിലൂടെ പൊതുജനവിശ്വാസം ശക്തിപ്പെടുത്താൻ കമ്യൂണിറ്റി പൊലീസിങ്​ മുൻകൈയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Five cities in the UAE ranked among the world's safest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.