ഒന്നാമനായി യാത്ര ചെയ്ത ഹമദ് മൻസൂർ അൽബലൂശി

ഇത്തിഹാദ് റെയിൽ; ഒന്നാം കോച്ചിലെ ഒന്നാമൻ, ചരിത്രമെഴുതി ഹമദ്​ മൻസൂർ

അബൂദബി: ആരും ഒരിക്കലും തകർക്കാത്ത ചരിത്രനേട്ടത്തിലേക്കായിരുന്നു ഹമദ് മൻസൂർ അൽബലൂശിയുടെ യാത്ര. ആദ്യ യാത്രയിൽ ഒന്നാമത്തെ കോച്ചിൽ ഒന്നാം നമ്പർ യാത്രക്കാരൻ. ഹമദ്​ മൻസൂറിന്‍റെ വ്യക്തിഗത യാത്രയെന്നതിനേക്കാൾ യു.എ.ഇയുടെ ചരിത്രത്തിലെപുതിയ അധ്യായത്തിന്‍റെ തുടക്കമായിരുന്നു അത്​. ഇത്തിഹാദ്​ റെയിൽ ചരിത്രത്തിലെ കന്നിയാത്ര നടത്തിയപ്പോൾ ആദ്യ യാത്രക്കാരനെന്ന വിശേഷണമാണ്​ അദ്ദേഹത്തിന്​ സ്വന്തമായത്​.

‘എല്ലാവരെയും പ്രതിനിധീകരിക്കുന്ന യാത്രക്കാരൻ’ ആരെന്ന്​ കണ്ടെത്താനായി ഇത്തിഹാദ് റെയിൽ രാജ്യവ്യാപകമായി നടത്തിയ കാമ്പെയ്‌നിലൂടെ, ജനങ്ങൾ നിർദേശിച്ച പേരുകളിൽ നിന്നാണ് ഹമദ് തിരഞ്ഞെടുക്കപ്പെട്ടത്. പുലർച്ചെ 5.34ന് ഫുജൈറയിൽ നിന്ന് ആദ്യ ഇത്തിഹാദ്​ പാസഞ്ചർ ട്രെയിൻ പുറപ്പെട്ടപ്പോൾ, യു.എ.ഇയുടെ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയിൽ യാത്ര ചെയ്യുന്ന ആദ്യത്തെ യാത്രക്കാരനായി ഹമദ് മാറി.

മറ്റുള്ളവരെ സേവിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ സമർപ്പണം കണക്കിലെടുത്താണ് ഫുജൈറ സ്വദേശിയായ ഹമദിനെ തിരഞ്ഞെടുത്തത്. നിശ്ചയദാർഢ്യ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയുമായ ഹമദ്, ഹെൽത്ത് കെയർ പ്രൊഫഷനലും സജീവ സന്നദ്ധപ്രവർത്തകനുമാണ്​. എമിറേറ്റ്സ് റെഡ് ക്രസന്‍റ്​, ജുസൂർ അൽ-ഖൈർ തുടങ്ങിയ സംഘടനകളിലൂടെയുള്ള തന്‍റെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

‘ഒന്നാം കോച്ചിലെ ഒന്നാം നമ്പർ സീറ്റിൽ ഇരുന്നപ്പോൾ, ഇത് എന്‍റെ മാത്രം യാത്രയല്ലെന്നും ഇനി വരാനിരിക്കുന്ന ദശലക്ഷക്കണക്കിന് യാത്രകളുടെ തുടക്കമാണെന്നും ഞാൻ തിരിച്ചറിഞ്ഞു. ആദ്യത്തെ യാത്രക്കാരനാകുക എന്നത് വാക്കുകൾക്ക് അതീതമായ ബഹുമതിയാണ്. ഇത് ഞാൻ ഒരിക്കലും മറക്കാത്ത വലിയൊരു ഭാഗ്യമാണ്’ -ഹമദ് മൻസൂർ അൽബലൂശി പ്രതികരിച്ചു. 

ആദ്യയാത്രക്കുമുമ്പേ വിറ്റഴിഞ്ഞത് 10,000ലേറെ ടിക്കറ്റുകൾ

സർവീസ് ആരംഭിച്ച ആദ്യ ദിനമായ ജൂൺ 30നു മുമ്പുതന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള കന്നി സർവീസിൽ യാത്ര ചെയ്യാൻ ജനങ്ങൾക്കിടയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിവസം ആറ് സർവീസുകളാണ് ഇത്തിഹാദ് റെയിൽ നടത്തിയത്. ആദ്യ ട്രെയിൻ സ്റ്റേഷൻ വിടുന്നതിന് മുമ്പുതന്നെ സീറ്റുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - Etihad Rail; Hamad Mansoor makes history as the first person in the first coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.