അബൂദബി ബയോബാങ്കും പ്രമുഖ ഹെല്‍ത്ത് ടെക് കമ്പനിയായ ബയോട്വിനും പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചപ്പോൾ
അബൂദബി: രോഗപ്രതിരോധ രംഗത്തും കൃത്യതയാര്‍ന്ന ചികിത്സാ സൗകര്യങ്ങളിലും നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ട് നിര്‍മിത ബുദ്ധി അധിഷ്ഠിത 'വെര്‍ച്വല്‍ ഹ്യൂമന്‍ ട്വിന്‍' സാങ്കേതികവിദ്യ രാജ്യത്ത് വിപുലമാക്കുന്നു. ഇതിന്‍റെ ഭാഗമായി അബൂദബി ബയോബാങ്കും പ്രമുഖ ഹെല്‍ത്ത് ടെക് കമ്പനിയായ ബയോട്വിനും പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. അബൂദബി ആരോഗ്യ വകുപ്പും എം42വും സംയുക്തമായി നടപ്പാക്കുന്ന സംരംഭമാണ് അബൂദബി ബയോബാങ്ക്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയില്‍ നടന്ന ‘ബയോ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ 2026’ന്‍റെ അനുബന്ധ ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിന് പകരം രോഗം ഉണ്ടാകുന്നതിന് മുമ്പുതന്നെ പ്രതിരോധിക്കുക എന്ന അബൂദബിയുടെ നയത്തിന് അടിവരയിടുന്നതാണ് ഈ പങ്കാളിത്തം.
ബയോട്വിന്‍റെ അത്യാധുനിക എ.ഐ സാങ്കേതികവിദ്യയും അബൂദബി ബയോബാങ്കിന്‍റെ പക്കലുള്ള ബയോളജിക്കല്‍, ജീനോമിക്, ക്ലിനിക്കല്‍ ഡാറ്റകളും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് ഗവേഷകര്‍ക്ക് വിവിധ രോഗങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ ശക്തമാക്കാനും സഹായിക്കും. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും ഇത് സഹായകരമാകും. ഇതിന്‍റെ ആദ്യ ഘട്ടത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാനും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സാധിക്കും.
ലൈഫ് സയന്‍സ്, ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ എന്നിവയുടെ ആഗോള കേന്ദ്രമായി അബൂദബിയെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഈ പങ്കാളിത്തം കരുത്തുപകരുമെന്ന് അബൂദബി ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി വ്യക്തമാക്കി. ജീനോമിക്‌സും അത്യാധുനിക ആരോഗ്യ വിവരങ്ങളും സമന്വയിപ്പിച്ച് മികച്ച ആരോഗ്യ പരിചരണ ഇക്കോസിസ്റ്റം അബൂദബി വിജയകരമായി സംവിധാനിച്ചിട്ടുണ്ടെന്നും വരും തലമുറയുടെ ആരോഗ്യ പരിപാലന മാര്‍ഗങ്ങള്‍ വികസിപ്പിക്കാനുള്ള കേന്ദ്രമായി എമിറേറ്റ്‌സ് മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.