ദുബൈ: ദിവസങ്ങൾക്കുശേഷമാണ് ദുബൈ വിമാനത്താവളത്തിൽ മലയാളം മുഴങ്ങുന്നത്. രണ്ടാം നമ്പർ ടെർമിനലിൽ കേരളത്തിലെ ഒരു വിമാനത്താവളത്തിൽ എത്തിയ പ്രതീതി. എങ്കിലും പതിവായുള്ള ആേശ്ലഷണമോ കൂടിച്ചേരലോ ഉണ്ടായിരുന്നില്ല. അവസാന നിമിഷം വരെ അനിശ്ചിതത്വമായിരുന്നതിനാൽ ആശങ്കയും ആശ്വാസവും ഇടകലർന്ന മുഖവുമായാണ് യാത്രക്കാർ പരിശോധന കേന്ദ്രത്തിലേക്ക് നീങ്ങിയത്.
അഞ്ച് മിനിറ്റ് പരിശോധനക്കൊടുവിൽ ‘ഫിറ്റ് ടു ട്രാവൽ’ മുദ്ര പാസ്പോർട്ടിൽ പതിഞ്ഞതോടെയാണ് പലരുടെയും ശ്വാസം നേരെ വീണത്. IX452 അബൂദബി-കൊച്ചി വിമാനത്തിൽ വൈകീട്ട് നാലോടെയാണ് യാത്രക്കാരെ കയറ്റിയത്. രാവിലെ ഒമ്പതോടെ യാത്രക്കാർ എത്തിത്തുടങ്ങിയിരുന്നു. അതിവേഗ പരിശോധനയിൽ യാത്രക്കാർക്ക് രോഗലക്ഷണമില്ല എന്നുറപ്പാക്കിയ ശേഷമാണ് തുടർ നടപടിയിലേക്ക് നീങ്ങിയത്. ഒരു തുള്ളി രക്തം സ്വീകരിച്ച് ഞൊടിയിടയിൽ പരിശോധന പൂർത്തിയാക്കി. ആരുടെയെങ്കിലും യാത്ര മുടങ്ങിയാൽ ഏഴ് യാത്രക്കാരെ സ്റ്റാൻഡ്ബൈയായി നിശ്ചയിച്ചിരുന്നു. എല്ലാം നേരെയായാൽ തിരികെയെത്തുമെന്ന് പറഞ്ഞാണ് പലരും മടങ്ങിയത്.
അതിനിടെ, എയർ ഇന്ത്യ നൽകിയ ഡിക്ലറേഷൻ ഫോറം സ്വീകരിക്കാതിരുന്നത് ആശങ്കക്കിടയാക്കി. ഒടുവിൽ മറ്റൊരു ഡിക്ലറേഷൻ ഫോറം നൽകുകയായിരുന്നു. യാത്രയാക്കാൻ വരുന്നവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ടായിരുന്നതിനാൽ കൂടെ എത്തിയവർ ഉടൻ തിരിച്ചു പോയി. തിരിച്ചെത്തും വരെ കാത്തിരിക്കുമെന്ന ആശംസയുമായി മടങ്ങിയവർക്ക് യു.എ.ഇ യാത്രാമംഗളമോതി. ‘വന്ദേ ഭാരത് മിഷൻ’ എന്ന ദൗത്യത്തിെൻറ സജ്ജീകരണത്തിന് ഇന്ത്യൻ അംബാസഡർ പവൻ കപൂറും എംബസി ഉദ്യോഗസ്ഥരും അബൂദബി വിമാനത്താവളത്തിലും കോൺസുൽ ജനറൽ വിപുലും കോൺസുലേറ്റ് അധികൃതരും ആദ്യവസാനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.