സ്വകാര്യ മേഖലയിൽ നിർമിക്കുന്ന ആദ്യ വെറ്ററിനറി ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിൽ അജ്മാൻ റുളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് ഡോ. മാജിദ് ബിൻ സഈദ് അൽ നുഐമിയും തുംബെ ഗ്രൂപ്പ് സ്ഥാപകൻ ഡോ. തുംബെ മെയ്തീനും
അജ്മാൻ: യു.എ.ഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും ആശുപത്രിയും അജ്മാനിൽ ഒരുങ്ങുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ്പാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രിയും കോളജും നിർമിക്കുന്നത്. ചെറുതും വലുതുമായ മൃഗങ്ങളുടെ സംരക്ഷണവും വെറ്ററിനറി രംഗത്ത് പുതുതലമുറ ഡോക്ടർമാരെ വാർത്തെടുക്കുകയുമാണ് ലക്ഷ്യം.
അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി മുഖ്യാതിഥിയായ ചടങ്ങിൽ പുതിയ സംരംഭത്തിന് തറക്കല്ലിട്ടു. തുംബെ ഗ്രൂപ്പ് സ്ഥാപകൻ ഡോ. തുംബെ മൊയ്തീനും ചടങ്ങിൽ സന്നിഹിതനായിരുന്നു. യു.എ.ഇയിൽ വെറ്ററിനറി വിദ്യാഭ്യാസത്തിനായി നിലവിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് സർക്കാർ സ്ഥാപനങ്ങളേയും വിദേശ സ്ഥാപനങ്ങളേയുമാണ്. തുംബെ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ സ്വകാര്യ മേഖലയിൽ പുതിയ ആശുപത്രി വരുന്നതോടെ ഈ രംഗത്തുള്ള വിടവ് നികത്താനാകുമെന്ന് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. ഡോക്ടർ ഓഫ് വെറ്ററിനറി മെഡിസിൻ (ഡി.വി.എം) ബിരുദ കോഴ്സാണ് കോളജ് വാഗ്ദാനം ചെയ്യുന്നത്.
നായകൾ, പൂച്ചകൾ, വേറിട്ട വളർത്തുമൃഗങ്ങൾ, കുതിരകൾ, ഒട്ടകങ്ങൾ, കന്നുകാലികൾ തുടങ്ങിയവക്കുള്ള ആധുനിക ചികിത്സയാണ് ആശുപത്രി വാഗ്ദാനം ചെയ്യുന്നത്. മൃഗങ്ങൾക്കുള്ള മരുന്നുകൾ, ഫാം മാനേജ്മെന്റ്, കന്നുകാലികളുടെ ആരോഗ്യം എന്നിവയിൽ പരിശീലനം നൽകുന്നതിനായി ടീച്ചിങ് ഫാമും അടുത്ത ഘട്ടത്തിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.