ഷാർജ: ശൈത്യകാലം അടുത്തതോടെ മരുഭൂമികളിൽ അനധികൃത ക്യാമ്പിങ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഷാർജ പൊലീസ്. അനുമതിയില്ലാതെ ക്യാമ്പിങ് നടത്തുന്നവർക്കെതിരെ 2,000 ദിർഹം പിഴ ചുമത്തുമെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. ലംഘനം ആവർത്തിച്ചാൽ പിഴത്തുകയും ഇരട്ടിയാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനവുമായി പിഴകൾ ബന്ധിപ്പിച്ചിട്ടുണ്ട്.
വാഹന രജിസ്ട്രേഷൻ പുതുക്കുന്ന സമയം പിഴത്തുക അടക്കേണ്ടിവരും. ശൈത്യകാല സീസണിലെ തിരക്ക് കണക്കിലെടുത്ത് പൊതുജന സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം സമഗ്രമായ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഷാർജ സെൻട്രൽ റീജ്യൻ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
എമിറേറ്റിലെ പ്രമുഖ ക്യാമ്പിങ് സ്ഥലങ്ങളായ അൽ ബദായിർ, അൽ ഫയാ, മലീഹ എന്നിവിടങ്ങളിൽ രക്ഷാ യൂനിറ്റുകളെ സഹായിക്കുന്നതിനായി ഈ മാസം തുടക്കത്തിൽതന്നെ പൊലീസ് പട്രോൾ സംഘങ്ങളെ വിന്യസിച്ചതായും പൊലീസ് അറിയിച്ചു. ക്യാമ്പിങ്ങിനിടെ കാണാതാവുന്നവർക്ക് രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടത്തുന്നതിനും ആവശ്യമുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനുമായി പ്രത്യേക ഓപറേഷൻസ് റൂമുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ശൈത്യകാലം അടുത്തതോടെ അന്തരീക്ഷ താപനില കുറയുകയും രാത്രികളിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇതോടെ സ്വദേശികളും വിദേശികളും ഒരുപോലെ കുടുംബ സമേതവും സുഹൃത്തുക്കളുമായും ഷാർജ മരുഭൂമികളിൽ ക്യാമ്പിങ് നടത്തുന്നത് പതിവുകാഴ്ചയാണ്.
മരുഭൂമികളിൽ അശ്രദ്ധമായി വാഹനമോടിക്കുക, അഭ്യാസപ്രകടനങ്ങൾ നടത്തുക, ഉച്ചത്തിൽ പാട്ടുവെക്കുക, ഗുരുതരമായ പരിക്കുകൾക്കും അപകടങ്ങളിലേക്കും നയിക്കുന്ന രീതിയിൽ ശല്യമുണ്ടാക്കുക തുടങ്ങിയ നിരുത്തരവാദപരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനെതിരെയും പൊലീസ് ക്യാമ്പ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നിയമലംഘനം കണ്ടെത്തുന്നതിന് ചെക്പോയന്റുകൾ സ്ഥാപിക്കുകയും രാത്രി വൈകിയും പൊലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്യും. തെരുവു മൃഗങ്ങളും ഒട്ടകങ്ങളും ക്യാമ്പുകളിലേക്ക് കടക്കാതിരിക്കാൻ ഫെൻസിങ് ഒരുക്കുന്നുണ്ട്.
ശൈത്യകാലത്ത് ക്യാമ്പ് ചെയ്യുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികളും ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.