ദുബൈ: വർധിച്ചുവരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിന് പരസ്പര സഹകരണത്തിന് ദുബൈ പൊലീസും 10 ബാങ്കുകളും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിനും കുറ്റകൃത്യങ്ങളെ മുൻകൂട്ടിക്കണ്ട് നടപടി സ്വീകരിക്കുന്നതിനും ഇരു വിഭാഗവും യോജിച്ചുനീങ്ങാനും കരാറിൽ തീരുമാനിച്ചിട്ടുണ്ട്. ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗമാണ് കരാറിൽ ഒപ്പുവെച്ചത്.
സൈബർ കുറ്റകൃത്യങ്ങളടക്കം ഭാവിയിൽ കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്ന കുറ്റകൃത്യങ്ങൾകൂടി ലക്ഷ്യംവെച്ചാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. പരസ്പരം വിവരങ്ങൾ കൈമാറുന്നതും വിദഗ്ധോപദേശം കൈമാറുന്നതും ഇതിലൂടെ എളുപ്പമാകും.
ആഗോളതലത്തിൽ സാമ്പത്തിക മേഖലയിലും ക്രിമിനൽ രംഗത്തും സാങ്കേതിക മേഖലയിലും രൂപപ്പെടുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ഉദ്ദേശിച്ചാണ് സഹകരണം രൂപപ്പെടുത്തിയതെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. സാമ്പത്തിക സ്ഥാപനങ്ങളുടെ സുരക്ഷാസംവിധാനം ശക്തമാക്കാൻ സജീവമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ദുബൈ ഒരു ആഗോള സാമ്പത്തിക, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന് പങ്കാളികളുമായി സഹകരിക്കാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ തട്ടിപ്പുകളടക്കം പുതുതായി രൂപപ്പെടുന്ന നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കാനും പ്രതിരോധിക്കാനും ദുബൈ പൊലീസ് നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ബാങ്കുകളുമായി സഹകരിച്ച് നീങ്ങാനുള്ള പുതിയ ധാരണപത്രം. എമിറേറ്റിനെ ഏറ്റവും സുരക്ഷിതമായ നഗരമാക്കുക എന്ന ലക്ഷ്യത്തിനനുസരിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.