ശൈഖ് ഖലീഫ ബിന്‍ സായിദ് പിതാവ്​ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാനൊപ്പം

മടക്കം ശൈഖ് സായിദിന്‍റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന്

അബൂദബി: 'പര്‍വതാരോഹകരെ പോലെയായിരിക്കണം മനസ്സ്, കീഴടക്കിയ ഉയരങ്ങളില്‍നിന്നും താഴോട്ടു നോക്കുമ്പോള്‍ പുതിയ ഉയരങ്ങള്‍ മനസ്സില്‍ കാണണം. ഓരോ നേട്ടത്തിനുശേഷവും നമുക്ക് പുതിയ കിനാവുകള്‍, നവീനവും അഭൂതപൂര്‍വവുമായ ഉയരങ്ങള്‍. കാര്യങ്ങളെ താന്‍ സമീപിക്കുന്നത് ഇങ്ങനെയാണ്' -ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാന്‍റെ വാക്കുകളാണിത്​. പിതാവിന്‍റെ വാക്കുകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കാന്‍ കഴിഞ്ഞുവെന്നതാണ്​ അന്തരിച്ച യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍റെ ഭരണ മികവിന്‍റെ മേന്മ വര്‍ധിപ്പിക്കുന്നത്. രാജ്യവികസന പദ്ധതികളിലെ ഓരോ ചുവടുവെപ്പിലും രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ ചിന്തയും ദീര്‍ഘവീക്ഷണവും മുറുകെപ്പിടിച്ചായിരുന്നു ശൈഖ് ഖലീഫ ഭരണചക്രം തിരിച്ചിരുന്നത്. ശാസ്ത്രം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയവക്കൊപ്പം കാര്‍ഷികമേഖലയുടെ വികാസത്തിനും ശൈഖ് സായിദ് തുടക്കമിട്ട പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ഈ രംഗത്ത് നവീന ആശയങ്ങള്‍ സ്വീകരിച്ച് രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക് നയിക്കുന്നതിനും ശൈഖ് ഖലീഫ യത്നിച്ചു. യു.എ.ഇയുടെ ഹരിതനഗരമായ അല്‍ ഐനില്‍ ജനിച്ച ശൈഖ് ഖലീഫക്ക് കര്‍ഷകരെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക ഊന്നല്‍ ശൈഖ് ഖലീഫ നല്‍കി. പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് പ്രാബല്യത്തില്‍ വരുത്തുന്നതിന് സംവിധാനങ്ങളൊരുക്കി. പരമ്പരാഗത കൃഷിരീതികളെ പ്രോത്സാഹിപ്പിച്ചതിനൊപ്പം ഈ രംഗത്ത് ശാസ്ത്രീയരീതികള്‍ പരീക്ഷിക്കുന്നതിനും അദ്ദേഹം പിന്തുണ നല്‍കി.

അല്‍ ഐന് പുറമെ ഫുജൈറ, റാസല്‍ഖൈമ, മസാഫി, ദിബ്ബ കൃഷിനിലങ്ങളുടെ വികസനത്തിനും ഇവിടങ്ങളിലെ കര്‍ഷകര്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനും ശൈഖ് ഖലീഫ മുന്നില്‍നിന്നു. ദുബൈയിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോസലൈന്‍ അഗ്രികള്‍ച്ചറിന്‍റെ (ഐ.സി.ബി.എ) നേതൃത്വത്തില്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ക്കും ശൈഖ് ഖലീഫ സമ്പൂര്‍ണ പിന്തുണ നല്‍കി. ജലചൂഷണത്തിനൊപ്പം മഴലഭ്യതയുടെ കുറവും ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറച്ചത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തരുതെന്ന നിര്‍ബന്ധമാണ് തരിശുനിലങ്ങളെ ഹരിതാഭമാക്കണമെന്ന നിലപാടിലേക്ക് രാജ്യത്തെ നയിച്ചത്. ജൈവകൃഷി സംബന്ധിച്ച് പ്രത്യേക നയം ആവിഷ്കരിക്കുന്നതും ഇതിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വിളകള്‍ക്ക് പ്രത്യേക ട്രേഡ് മാര്‍ക്ക് നല്‍കാനുമുള്ള പദ്ധതികള്‍ക്ക് യു.എ.ഇ രൂപം നല്‍കിയതും ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാ​ന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു.


Tags:    
News Summary - Father's words and dreams were able to give wings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.