ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നയാളോട് സംസാരിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആശ്വാസവുമായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവിധ രാജ്യക്കാരെ വെള്ളിയാഴ്ച അദ്ദേഹം സന്ദർശിച്ചു.
യു.എ.ഇ, സുഡാൻ, ഇറാൻ, പാകിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരുമായി അദ്ദേഹം സംസാരിച്ചു. യു.എ.ഇയിൽ എല്ലാവരും കുടുംബാംഗങ്ങളെന്ന പോലെ സുരക്ഷിതരാണെന്നും രാജ്യത്തെ എല്ലാ താമസക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം ഉറപ്പുനൽകി. നിലവിലെ സാഹചര്യങ്ങൾ യു.എ.ഇ സമൂഹത്തിന്റെ യഥാർഥ സ്വഭാവം വ്യക്തമാക്കുന്നുവെന്നും സുരക്ഷാ നിർദേശങ്ങൾ സമൂഹം ഐക്യത്തോടെ പാലിച്ചതാണ് സുരക്ഷാ പരിശ്രമങ്ങൾ വിജയകരമാകാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗികളെ മികച്ച രീതിയിൽ പരിചരിക്കുന്ന മെഡിക്കൽ സംഘങ്ങളുടെ സമർപ്പണത്തെയും പ്രസിഡന്‍റ് പ്രശംസിച്ചു. സന്ദർശനത്തിന് പരിക്കേറ്റവരും അവരുടെ കുടുംബാംഗങ്ങളും നന്ദി അറിയിച്ചു. രാജ്യത്ത് ഇതിനകം 112 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ പലരും ഇതിനകം തന്നെ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പൂർണമായും സുഖം പ്രാപിച്ചിട്ടുണ്ട്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട് സ്പെഷൽ അഫേഴ്സ് ഡെപ്യൂട്ടി ചെയർമാനായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും പ്രസിഡന്റിനെ സന്ദർശനത്തിൽ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.