ഉയർച്ച താഴ്ച കണ്ട പ്രവാസം; ഇബ്രാഹീം കുട്ടി ഇനി നാട്ടിൽ

ദുബൈ: ഉയർച്ച താഴ്ചകളും വീഴ്ചകളും കണ്ട പ്രവാസ ജീവിതത്തിനൊടുവിൽ മലപ്പുറം കൽപകഞ്ചേരി സ്വദേശി ഇബ്രാഹിം കുട്ടി നാടണഞ്ഞു. സാമ്പത്തികബാധ്യതകളേതുമില്ലാതെ പ്രവാസത്തിലേക്കെത്തിയ അദ്ദേഹം നാലു​ പതിറ്റാണ്ടിന്‍റെ പ്രവാസത്തിന്​ ശേഷം ബാധ്യതകളുമായാണ്​ മടങ്ങിയത്​. 1981 ഒക്ടോബർ 27ന് ബോംബയിൽനിന്നു വിമാനം കയറുമ്പോൾ നാട്ടിലെ അത്യാവശ്യം സാമ്പത്തിക സുരക്ഷിതത്വമുള്ള കുടുംബമായിരുന്നു ഇബ്രാഹീം കുട്ടിയുടേത്. കൂടുതൽ പക്വത കൈവരിക്കാൻ നല്ലത് പ്രവാസം ആയതുകൊണ്ട് പ്രവാസം തിരഞ്ഞെടുക്കുകയായിരുന്നു.

സഹോദരന്‍റെ സ്ഥാപനത്തിൽ ജോലി ആരംഭിച്ച ഇബ്രാഹീം കുട്ടി കുറഞ്ഞ കാലയളവിൽ തന്നെ ഭാഷയും ഡ്രൈവിങ് ലൈസൻസുകളും കച്ചവടത്തിന്‍റെ പാഠങ്ങളും സ്വായത്തമാക്കിയിരുന്നു. ജോലിയിലെ മിടുക്ക് കാരണം സ്പോൺസറുടെ പ്രിയങ്കരനാവുകയും അവരുടെ കുടുംബത്തിലെ ഒരാളായി മാറുകയും ചെയ്തു. ലൈസൻസുകൾ സ്വന്തമാക്കുന്നതിനും പിന്നീട് സ്വന്തമായ ബിസിനസ് ആരംഭിക്കുന്നതിനും ആ ബന്ധങ്ങൾ സഹായകമായി. കച്ചവടങ്ങൾ ആരംഭിച്ച്​ ഉയർന്ന സാമ്പത്തികനില കൈവരിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ കച്ചവടങ്ങൾ പരാജയപ്പെടുന്നതാണ് പിന്നീട്​ കണ്ടത്. വിശ്വസിച്ചവരാൽ ചതിക്കപ്പെട്ടതോടെ വൻ സാമ്പത്തിക തകർച്ചയിലേക്ക്​ മാറി. പിന്നീട്​ ദുബൈയിലെ സർക്കാർ സ്ഥാപനത്തിൽ ജോലിനേടുകയും സാമ്പത്തിക ബാധ്യതകൾ ഓരോന്നായി ഇറക്കിവെക്കുകയും ചെയ്തു. അതിനിടയിലാണ് തിരിച്ച് പോക്ക് അനിവാര്യമായത്.

പ്രവാസത്തിന്‍റെ നെരിപ്പോടുകൾക്കിടയിലും സാമൂഹിക പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഇബ്രാഹിം കുട്ടിയുടെ ജീവിതചര്യയായിരുന്നു. കെ.എം.സി.സി, ഇസ്‍ലാഹി സെന്‍റർ, ഒരുമ കൽപകഞ്ചേരി എന്ന സംഘടനകളിൽ ഭാരവാഹിയാണ്. കോവിഡ് കാലത്ത് ഇബ്രാഹിംകുട്ടിയുടെ സേവനങ്ങൾ ഒട്ടനവധി ആളുകൾ രുചിച്ചറിഞ്ഞതാണ്. നാലു ഡ്രൈവിങ് ലൈസൻസുകൾ സ്വന്തമായുള്ള ഇബ്രാഹിം കുട്ടി എല്ലാ ജി.സി.സി രാജ്യങ്ങളിലും വാഹനങ്ങളുമായി സഞ്ചരിച്ചിട്ടുണ്ട്. യു.കെ ഡ്രൈവിങ് ലൈസൻസും സ്വന്തമായുണ്ട്. നാട്ടിലെത്തിയാലും സാമൂഹികസേവന പ്രവർത്തനങ്ങളോടൊപ്പം ചെയ്യാവുന്ന ജോലികൾ ചെയ്തു കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം.

Tags:    
News Summary - farewell- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT