ദുബൈ: അറബിപ്പൊന്നിന്റെ നാടായ യു.എ.ഇയിൽ സ്വർണവില കുറഞ്ഞ നിരക്കിലെത്തിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ചു. വേനലവധിയും പെരുന്നാളും കോവിഡിന് ശേഷം വീണ്ടും വിവാഹ ചടങ്ങുകളും മറ്റും സജീവമായതും തിരക്കിന് കാരണമാകുന്നു. വിൽപന സാധാരണ മാസങ്ങളേക്കാൾ 20ശതമാനത്തിലേറെ വർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ദിവസം ദുബൈയിൽ 22കാരറ്റ് സ്വർണത്തിന് ഗ്രാമിന് 197.50ദിർഹമും 24കാാരറ്റിന് 210.25ദിർഹവുമാണ് വില. ഈ വർഷം ഈ സീസണിൽ മാത്രമാണ് 22കാരറ്റ് സ്വർണം ഗ്രാമിന് 200ദിർഹത്തിൽ കുറവ് വില കാണിച്ചത്.സ്വർണം വാങ്ങാനെത്തുന്നവരിൽ മിക്കവരും താമസക്കാരും ടൂറിസ്റ്റ് വിസയിലെത്തുന്നവരും ട്രാൻസിറ്റ് യാത്രക്കാരുമാണെന്ന് വയാപാരികൾ പറയുന്നു. വില കുറയുമ്പോൾ സാധാരണ സ്വർണ വിൽപനയിൽ വർധനവുണ്ടാകാറുണ്ട്. ആഘോഷ സീസണുകളിലും വിൽപനയിൽ അപ്രതീക്ഷിതമായ മുന്നേറ്റം കാണിക്കാറുള്ളതാണ്. വിലക്കുറവും വേനലവധിയും ഒന്നിച്ചെത്തിയതും കോവിഡാനന്തരം സാമ്പത്തിക രംഗത്ത് മുന്നേറ്റം ദൃശ്യമായതും തിരക്കിന് കാരണമായി.
ഫെബ്രുവരിയിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സഹകരണ കരാറിനെ തുടർന്ന് 5 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയത് സ്വർണ വ്യപാര മേഖലക്ക് വലിയ ഉണർവ് പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുറവും വിപണിയെ സജീവമാക്കിയിരിക്കുന്നത്. ഇന്ത്യക്കാർ ധാരാളമായി സ്വർണഭരണങ്ങൾ വാങ്ങാൻ യു.എ.ഇയെ തെരഞ്ഞെടുക്കുന്നുണ്ട്. വിസിറ്റ് വിസയിൽ വന്നു മടങ്ങുന്നവർ പോലും നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനമായും മറ്റും സ്വർണം കരുതാറുണ്ട്. വിലക്കുറവ് കൂടി എത്തിയതോടെ പ്രവാസികൾ കൂടുതലായി സ്വർണം വാങ്ങാനെത്തുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. യു.എസ് ഡോളർ അന്തരാഷ്ട്ര വിപണിയിൽ കൂടുതൽ ശക്തമായതാണ് സ്വർണ വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ.
വിലക്കുറവ് കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
അതേസമയം, യു.എ.ഇയിൽ സ്വർണം ഇറക്കുമതിക്ക് കർശന നിയമം അടുത്തവർഷം ജനുവരി മുതൽ നിലവിൽവരുന്നുണ്ട്. രാജ്യത്ത് എത്തുന്ന സ്വർണത്തിന്റെ ഉറവിടം വ്യക്തമായിരിക്കണം എന്ന് നിർദേശിക്കുന്നതാണ് പുതിയ നിയമം. നിയമം നടപ്പിലാക്കുന്നത് വിലയിൽ മാറ്റമുണ്ടാക്കുമോ എന്നതിൽ വ്യാപാരികഹക്കും തീർച്ചയില്ല. സ്വർണം ഇറക്കുമതി ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് സാമ്പത്തിക മന്ത്രാലയം ചട്ടം നടപ്പാക്കുന്നത്. രാജ്യത്ത് എത്തുന്ന സ്വർണം എവിടെ നിന്ന് വന്നു എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കമ്പനികൾക്കുണ്ടാകണമെന്നതാണ് നിർദേശം.
നിയമാനുസൃതമല്ലാത്ത സ്വർണ വ്യപാരത്തെ തടയാൻ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.