അബൂദബി: പണം വാങ്ങി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിന് എമിറേറ്റിലെ നാല് ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ അബൂദബി ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. മെഡിക്കല്‍ പരിശോധന നടത്താതെ പണം വാങ്ങി മെഡിക്കൽ ലീവിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മെഡിക്കൽ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ പ്രോസിക്യൂഷന് നടപടികള്‍ക്കു വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാട്സാപ്പിലൂടെയായിരുന്നു വ്യാജ മെഡിക്കൽ ലീവ് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള ആശയവിനിമയം നടത്തിയതെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ചികിത്സ തേടാത്തവർക്ക് പോലും ഇവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. അപേക്ഷകരോട് ഉയരവും ഭാരവും അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ആരായുകയും ഒരു ദിവസത്തെ മെഡിക്കൽ ലീവിന് 100 ദിര്‍ഹം എന്ന ക്രമത്തില്‍ പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടാനും നിര്‍ദേശം നല്‍കിയത് അടക്കമുള്ള വിവരങ്ങളാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്. അപേക്ഷകര്‍ ഒരിക്കല്‍ പോലും ആരോഗ്യകേന്ദ്രത്തില്‍ എത്താതെയായിരുന്നു ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയത്. അതേസമയം ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ച സ്ഥാപനങ്ങളേതൊക്കെയാണെന്ന് വ്യക്തമല്ല. തങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ആരോഗ്യസ്ഥാപനങ്ങള്‍ കര്‍ക്കശമായി പാലിച്ചിരിക്കണമെന്ന് ആരോഗ്യവകുപ്പ് എമിറേറ്റിലെ ആരോഗ്യപരിചരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.