അബൂദബി: എമിറേറ്റിലുടനീളമുള്ള ഹോട്ടലുകളില്‍ ചെക്ക് ഇൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഖം തിരിച്ചറിയൽ (ഫേഷ്യല്‍ റകഗ്നീഷ്യന്‍) സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങി അബൂദബി. ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ചടങ്ങിലാണ് പ്രഖ്യാപനം.
ചെക്ക് ഇന്‍ സമയം ലാഭിക്കാന്‍ ഇത് സന്ദര്‍ശകരെ സഹായിക്കും. ഫേഷ്യല്‍ റകഗ്നീഷ്യന്‍ പ്രാവര്‍ത്തികമാവുന്നതോടെ തിരിച്ചറിയല്‍ നടപടികൾ വേഗത്തിലാവും. അബൂദബി സിറ്റി, അല്‍ ഐന്‍ മേഖല, അല്‍ ദഫ്റ മേഖല എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും ഫേഷ്യല്‍ റകഗ്നീഷ്യന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനൊപ്പം ബയോമെട്രിക് സാങ്കേതികവിദ്യയും ഹോട്ടലുകളില്‍ സജ്ജമാക്കും.
വൈകാതെ എമിറേറ്റിലെ എല്ലാ ഹോട്ടലുകളിലും പദ്ധതി നടപ്പാക്കും. അതേസമയം പദ്ധതി എന്നുമുതലാണ് നടപ്പില്‍ വരുത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഹോട്ടൽ രംഗത്തെ തൊഴിലാളികള്‍ക്കും അതിഥികള്‍ക്കും ഒരുപോലെ ഉന്നത നിലവാരമുള്ള സുരക്ഷ നിലനിര്‍ത്തിക്കൊണ്ട് അനുഭവം മെച്ചപ്പെടുത്തുന്നതില്‍ നൂതനാശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗസിരി പറഞ്ഞു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അടിസ്ഥാന സൗകര്യ മേഖലകളില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്ന് 2024ല്‍ അബൂദബി പ്രഖ്യാപിച്ചിരുന്നു.
എമിറേറ്റില്‍ 1,78,000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനും ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ മൊത്തം തൊഴിലുകളുടെ എണ്ണം 3,66,000 ആക്കുകയുമാണ് അബൂദബി ടൂറിസം സ്ട്രാറ്റജി 2030 ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 3.93 കോടി സന്ദര്‍ശകരെ ആകര്‍ഷിക്കാനും അബൂദബി
ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.