ദുബൈ ഇന്‍റർനെറ്റ് സിറ്റിയിലെ മെറ്റ പ്രാദേശിക ആസ്ഥാനം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് സന്ദർശിക്കുന്നു
ദുബൈ: ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയും ധന ഇടപാട് സ്ഥാപനമായ വിസയും ദുബൈയിൽ പുതിയ ആസ്ഥാനങ്ങൾ തുറന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അന്താരാഷ്ട്ര ടെക് ഭീമൻമാരായ മെറ്റയും വിസയും ദുബൈയിൽ മേഖല ആസ്ഥാനങ്ങൾ തുറന്നകാര്യം അറിയിച്ചത്. മെറ്റയും വിസയും മിഡിലീസ്റ്റ്, ആഫ്രിക്ക മേഖല ആസ്ഥാനങ്ങളാണ് ആരംഭിച്ചത്. ദുബൈ ഇന്‍റർനെറ്റ് സിറ്റിയിലാണ് രണ്ട് ആസ്ഥാനങ്ങളും പ്രവർത്തിക്കുക. രണ്ട് ആസ്ഥാനങ്ങളും സന്ദർശിച്ചശേഷമായിരുന്നു കിരീടാവാകാശിയുടെ അറിയിപ്പ്. മെറ്റ ചീഫ് ഓപറേറ്റിങ് ഓഫിസർ ഷെറിൽ സാൻബർഗും പുതിയ ആസ്ഥാനം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന മെറ്റയുടെ മൂന്ന് ശതകോടിയോളം വരുന്ന മിഡിലീസ്റ്റ്, ആഫ്രിക്ക മേഖലയിലെ ഉപഭോക്താക്കൾക്ക് സേവനമെത്തിക്കുന്നത് ദുബൈയിൽനിന്നായിരിക്കും. ടെക്നോളജി മേഖലയിലെ ദുബൈ നഗരത്തിന്‍റെ മുന്നേറ്റവും സജ്ജീകരണങ്ങളുടെ മേൻമയും വ്യക്തമാക്കുന്നതാണ് ഇവരുടെ സാന്നിധ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. 22 വർഷമായി വിസ ഓഫിസ് ദുബൈയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ ആസ്ഥാനം യൂറോപ്പിൽ ഉൾപ്പെടെ 90 രാജ്യങ്ങിലേക്ക് പേമെന്‍റ് സേവനം മെച്ചപ്പെടുത്തുന്ന ഇന്നവേഷൻ ഹബ്ബായാണ് പ്രവർത്തിക്കുക.
റഷ്യയുടെ നിരോധനത്തിനെതിരെ പോരാടുമെന്ന് ഫേസ്ബുക്ക്
ദുബൈ: റഷ്യയുടെ ഫേസ്ബുക്ക് നിരോധനത്തിനെതിരെ പോരാടുമെന്ന് ഫേസ്ബുക്കിന്‍റെ ഉടമകളായ മെറ്റ കമ്പനിയുടെ സി.ഒ.ഒ ഷേർലി സാൻഡ്ബെർഗ്. മെറ്റയുടെ പ്രാദേശിക ആസ്ഥാനകേന്ദ്രം ദുബൈയിൽ തുറന്നതിന് പിന്നാലെ എക്സ്പോയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഏകാധിപതികൾക്ക് സമൂഹമാധ്യമങ്ങളോട് വിരോധമാണ്.
അതുകൊണ്ടാണ് വ്ലാദ്മിർ പുടിൻ നിരോധനം ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങൾ എത്തുന്നതിന് മുമ്പ് റഷ്യയിൽ മാധ്യമങ്ങളെ നിയന്ത്രിച്ചിരുന്നത് ഒരുകേന്ദ്രമായിരുന്നു. സമൂഹമാധ്യമങ്ങൾ എത്തിയതോടെ ജനങ്ങൾ പൊതുസമൂഹത്തോട് സംസാരിക്കാനും പ്രതികരിക്കാനും തുടങ്ങി. ഫേസ്ബുക്ക് നിരോധിച്ചതോടെ റഷ്യയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിന് മുന്നിൽ വിലക്കപ്പെട്ടു. ഇതിനെതിരെ പോരാടുമെന്നും അവർ പറഞ്ഞു. ദുബൈ ഇന്‍റർനെറ്റ് സിറ്റിയിലാണ് ഫേസ്ബുക്കിന്‍റെ പ്രാദേശിക ആസ്ഥാനകേന്ദ്രം തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.