ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ, വിനിമയ നിരക്ക് കുതിച്ചുയർന്നു. ദിർഹമിന് 24.04 രൂപ വരെ വെള്ളിയാഴ്ച ലഭിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിൽ വന്നതാണ് രൂപയുടെ മൂല്യമിടിയാൻ കാരണമായത്. തീരുവ കയറ്റുമതി മേഖലയെ ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപക്ക് തിരിച്ചടിയായത്. ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപം കുറയുന്നതും എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽ ഡോളറിന് ആവശ്യം വർധിച്ചതും രൂപ ബാധിച്ച ഘടകങ്ങളാണ്. അതേസമയം വിനിമയ നിരക്ക് വർധിച്ചത് പ്രവാസികൾക്ക് പണമയക്കാനുള്ള സുവർണാവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രമുഖ വിനിമയ പ്ലാറ്റ്ഫോമുകളായ ബോട്ടിമും കൊമേറയും 23.95 മുതൽ 24 രൂപ വരെയാണ് ദിർഹമിന് നൽകിയത്. എക്സ്ചേഞ്ച് ഹൗസുകൾ 23.91വരെയും ബാങ്കുകൾ 23.81രൂപ വരെയും നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ വിനിമയ നിരക്ക് നിലവിലെ സാഹചര്യത്തിൽ തുടരുകയാണെങ്കിൽ ശമ്പളം അടക്കം ലഭിക്കുമ്പോൾ പ്രവാസികൾക്ക് ഗുണകരമാകും.
ഫെബ്രുവരി മാസത്തിലാണ് നേരത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഈ സമയത്ത് യു.എ.ഇ ദിർഹമിന്റെ വിനിമയനിരക്ക് റെക്കോഡ് നിലയിലെത്തുകയും ചെയ്തു. 23.90 വരെ വിനിമയ നിരക്ക് ദിർഹമിന് ലഭിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, പിന്നീട് രൂപയുടെ മൂല്യം ഉയരുകയും വിനിമയ നിരക്ക് കുറയുകയും ചെയ്തു. ആഗസ്റ്റ് ആദ്യത്തിൽ ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തിയതോടെ, വീണ്ടും വിനിമയ നിരക്ക് വർധിക്കുകയായിരുന്നു. എന്നാൽ, ബുധനാഴ്ച തീരുവ പ്രാബല്യത്തിൽ വന്നതോടെയാണ് വിനിമയ നിരക്ക് എക്കാലത്തെയും ഉയരത്തിലെത്തിയിരിക്കുന്നത്.
അതേസമയം രൂപയുടെ മൂല്യം കുറഞ്ഞത് നാട്ടിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക പ്രവാസികൾ പങ്കുവെക്കുന്നുണ്ട്. നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് വിനിമയ നിരക്ക് വർധന ആശ്വാസകരമാണ്. പുതിയ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ദിർഹമിന്റെ വിനിമയ നിരക്ക് വരും ദിവസങ്ങളിൽ വീണ്ടും വർധിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.