യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്ക്​ ഫാക്ടറി സന്ദർശിച്ച​പ്പോൾ

ഹോട്ട്‌പാക്ക് ഫാക്ടറി സന്ദർശിച്ച് യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി

ദുബൈ: യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഉൽപന്നങ്ങളുടെ നിർമാണത്തിൽ ജി.സി.സിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്‍റെ ദുബൈയിലെ നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എൻ.ഐ.പി) നിര്‍മാണശാല സന്ദർശിച്ചു. പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്‍റ്സ് (ജി.ഐ.ഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിന് അനുസൃതമായി നടപ്പിൽ വരുത്തുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്‍റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിച്ചു. കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്തു. യു.എ.ഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള അംഗീകാരമാണ് ഈ സന്ദര്‍ശനം.

ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യു.എ.ഇയും രാജ്യത്തിന്‍റെ നേതൃത്വവും തുടരുകയാണെന്ന് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. ‘രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്‍റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്’ -അല്‍ മര്‍റി പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. യു.എ.ഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17ലേറെ രാജ്യങ്ങളിൽനിന്ന് ഉത്പാദനം നടത്താനും നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും ഹോട്ട്‌പാക്കിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിങ്ങിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. 1995ല്‍ ദുബൈയില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിങ് ഉൽപന്നങ്ങൾ എന്നിവയടക്കമുള്ള വിവിധ ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുകയാണ്. ഹോട്ട്‌പാക്കിന്‍റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യു.എ.ഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

Tags:    
News Summary - UAE Minister of Economy and Tourism Abdullah bin Tawq Al Marri visits Hotpack factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.