ദുബൈ: നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്ക് ജോലി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയിൽ തുല്യത ഉറപ്പുവരുത്തുന്ന നിയമവുമായി ദുബൈ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വികലാംഗരുടെ ജീവിത നിലവാരത്തെ ബാധിച്ചേക്കാവുന്ന നയങ്ങളുടെയും നിയമനിർമാണങ്ങളുടെയും കരട് പ്രക്രിയ വരുമ്പോൾ അവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തും. അവർക്ക് സമഗ്രമായ വിദ്യാഭ്യാസം, എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ, പുനരധിവാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവക്ക് തുല്യ അർഹതയുണ്ട്. ആരാധന, പൊലീസ്, നിയമസേവനങ്ങൾ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും അവർക്ക് അർഹതയുണ്ട്. അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവരെ അറിയിക്കാനുള്ള സജ്ജീകരണം ചെയ്യണം. ബാങ്കിങ് സേവനങ്ങൾ, കായിക പരിപാടികളിലെ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തണം.
നിശ്ചയദാർഢ്യ വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പുതിയ കമ്മിറ്റിയുണ്ടാക്കും. അതിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികളെയും നിശ്ചയദാർഢ്യക്കാരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തും. ഇവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കമ്മിറ്റി ചർച്ച ചെയ്യും. പദ്ധതികളും നയങ്ങളും നടപ്പാക്കുന്നതും കമ്മിറ്റിയുടെ ചുമതലയായിരിക്കും. ദുബൈയിൽ രജിസ്റ്റർ ചെയ്ത ഈ വിഭാഗക്കാർക്കായി കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഐഡി കാർഡ് നൽകും. വിവിധ സേവനങ്ങൾ ലഭിക്കാൻ ഇത് ഉപകാരപ്പെടും. ഇവരുടെ ഡേറ്റാബേസ് ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ശേഖരിക്കുമെന്നും നിയമത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.