ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സംഘടിപ്പിച്ച ‘എൻസെംബിൾ തിയറ്റർ ഫെസ്റ്റ്’ ഷാബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ 'എൻസെംബിൾ തിയറ്റർ ഫെസ്റ്റ്' എന്ന പേരിൽ നാടകോത്സവം സംഘടിപ്പിച്ചു. രണ്ട് വർഷമായി കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിക്കിടന്ന യു.എ.ഇയിലെ നാടക പ്രവർത്തനങ്ങൾക്ക് ഈ നാടകോത്സവത്തിലൂടെ തുടക്കമായി. അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സ്മരണാർഥം അരങ്ങേറിയ നാടകോത്സവത്തിന്റെ ഉദ്ഘാടനം ഹിറ്റ് എഫ്.എം വാർത്താവിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ നിർവഹിച്ചു. ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക, കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ആർ.പി. മുരളി, ഗോൾഡ് എഫ്.എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ പ്രസിഡന്റ് ജാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജികുമാർ പിള്ള സ്വാഗതവും ട്രഷറർ ഗിരീശൻ നന്ദിയും പറഞ്ഞു.
വിവിധ എമിറേറ്റുകളിലെ അഞ്ചു സമിതികളാണ് മത്സരത്തിൽ പങ്കെടുത്തത്. ചമയം തിയറ്റർ ഷാർജ അവതരിച്ച കൂമൻ, ആക്ഷൻ തിയറ്റർ അൽഐന്റെ പത്താം ഭവനം, അൽഖൂസ് തിയറ്റർ ദുബൈയുടെ വില്ലേജ് ന്യൂസ്, ഗുരുരംഗവേദി അജ്മാന്റെ ആരാണ് കള്ളൻ, ഓർമ ദുബൈയുടെ ദ ബ്ലാക്ക് ഡേ എന്നീ നാടകങ്ങളാണ് പങ്കെടുത്തത്. ഓരോ നാടക അവതരണത്തിനുശേഷവും ഒരു മണിക്കൂർനേരം സംഘടിപ്പിച്ച ഓപ്പൺ ഫോറം ശ്രദ്ധേയമായി. യു.എ.ഇയിലെ പ്രമുഖ നാടക പ്രവർത്തകരും കാണികളും അവരവരുടെ നാടകാസ്വാദനം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.