ഷാർജ: മലീഹ കന്നുകാലി ഫാമിൽനിന്ന് കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ യു.എ.ഇയിലെ വിപണിയിലേക്ക്. ജൈവ ഗുണമുള്ള പാലിന് പിന്നാലെ പാലിൽനിന്നുള്ള മുന്തിയ ഇനം ലെബാനും വിപണിയിലെത്തി. റമദാന് മുന്നോടിയായി നടന്ന രണ്ടാമത് അൽ ദൈദ് കാർഷിക പ്രദർശന മേളയിൽ ഷാർജ കാർഷിക, കന്നുകാലി വകുപ്പാണ് മലീഹ പാലിൽ നിന്നുണ്ടാക്കുന്ന ലബാൻ അവതരിപ്പിച്ചത്. മലീഹ പാലിന് യു.എ.ഇയിലെ വിപണിയിൽ നിന്ന് വൻ പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് പുതിയ ഉത്പന്നം കൂടി പുറത്തിറക്കാൻ അധികൃതർ തീരുമാനിച്ചത്. മലീഹ ഫാമിൽനിന്നുള്ള ജൈവ ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് ബ്രാന്റ് വിപുലീകരണമെന്ന് ഷാർജ കാർഷിക, കന്നുകാലി വകുപ്പ് ചെയർമാൻ ഖലീഫ അൽ തുനൈജിം പറഞ്ഞു. മലീഹ പ്ലാന്റിന് പ്രതിദിനം 16,000 ലിറ്റർ ലബാൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. ഒരു ലിറ്റർ, രണ്ട് ലിറ്റർ, 180 മില്ലി ലിറ്റർ എന്നിങ്ങനെ മൂന്ന് അളവിൽ ഉത്പന്നം വിപണിയിൽ ലഭ്യമാണ്. ജനുവരി 22 മുതൽ ഷാർജ കോപറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ചുകളിൽ ലെബാൻ ലഭ്യമായിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോടെ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പന്നം യു.എ.ഇയിലെ വിപണികളിൽ വിതരണം ആരംഭിക്കും.
മലീഹ ഡയറി ഫാമിൽ പ്രതിദിനം 40,000 ലിറ്റർ പാലാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ, പ്രകൃതിദത്തമായ രുചികളും അഡിറ്റീവുകളില്ലാത്തതുമായ പുതിയ പാലുൽപ്പന്നങ്ങൾ കുട്ടികളെ ലക്ഷ്യമിട്ട് ജനുവരി അവസാനത്തോടെ പുറത്തിറക്കും. എ2എ2 പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ് മലീഹയിലെ എല്ലാ ഡയറി ഉത്പന്നങ്ങളും. ഇത് ദഹനം എളുപ്പമാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് സുരക്ഷിതവും രുചികരവുമാണ്. ഷാർജയുടെ ജൈവ ഭക്ഷ്യ സുരക്ഷാ സംരംഭങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും എമിറേറ്റിനെ സംബന്ധിച്ച് 2025 സുവർണ വർഷമായിരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20,000 പശുക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലീഹ ഡയറി ഫാമിലെ പശുക്കളുടെ എണ്ണം ഈ വർഷാവസാനത്തോടെ 8,000 ആയി ഇരട്ടിയാക്കാനാണ് കാർഷിക, കന്നുകാലി ഉത്പാദന സംരംഭമായ ഇക്തിഫയുടെ ലക്ഷ്യം. ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങളുമായി പ്രാദേശിക വിപണിയുടെയും ഗൾഫ് വിപണിയുടെയും ആവശ്യം നിവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന രൂപത്തിലാണ് ഉത്പന്നങ്ങളുടെ വിപുലീകരണം രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.