ഷാർജ: ഈ വർഷം സെപ്റ്റംബർവരെ ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) എമിറേറ്റിലെ വാണിജ്യ, വ്യവസായ, താമസ, കാർഷിക, സർക്കാർ മേഖലകളിലായി 2,691 പദ്ധതികൾക്ക് വൈദ്യുതി കണക്ഷൻ നൽകി. സുരക്ഷ പരിശോധനകളും മാർഗനിർദേശങ്ങളും പൂർത്തിയാക്കിയശേഷമാണ് വൈദ്യുതി കണക്ഷൻ അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി 9,333 വൈദ്യുതി മീറ്ററുകളും 234 പുതിയ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചു.
കൂടാതെ ലോ വോൾട്ടേജ് നെറ്റ്വർക്ക് 328 കിലോമീറ്ററിലധികം വിപുലീകരിക്കുകയും ചെയ്തു. എമിറേറ്റിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വിവിധ പദ്ധതികൾക്കും സൗകര്യങ്ങൾക്കും മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി സേവ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ 9,523 മെക്കാനിക്കൽ മീറ്ററുകൾ മാറ്റി പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായും വൈദ്യുതി വിതരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻജീനിയർ അഹമ്മദ് അൽ ബാസ് പറഞ്ഞു. അംഗീകൃത സാങ്കേതികവിദ്യ മാനദണ്ഡങ്ങൾക്ക് വിധേയമായി 1,899 ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനലുകൾക്ക് അംഗീകാരം നൽകുകയും 4519 ടെക്നിക്കൽ പരിശോധനകൾ പൂർത്തീകരിക്കാനും സാധിച്ചു. അതോടൊപ്പം ഇക്കാലയളവിൽ 1332 ഇലക്ട്രിസിറ്റി പരിശോധന സർട്ടിഫിക്കറ്റുകൾ നൽകാനും സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.