മുസന്ദമിൽ ഭൂചലനമുണ്ടായ ഭാഗം

മുസന്ദമിൽ ഭൂചലനം; യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം

ദുബൈ: ഒമാന്‍റെ ഭാഗമായ മുസന്ദമിൽ ഭൂചലനം രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് 4.40നാണ്​ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​. യു.എ.ഇയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ ഭൂചലനത്തെ തുടർന്ന്​ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്​ കീഴിലുള്ള നാഷനൽ സീസ്മിക്​ നെറ്റ്​വർക്കാണ്​ ഭൂചലനം സ്ഥിരീകരിച്ചത്​.

അഞ്ച് കി.മീറ്റർ ആഴത്താൽ അനുഭവപ്പെട്ട ഭൂചലനം അപകടങ്ങൾക്ക്​ കാരണമായിട്ടില്ല. റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ്​ പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്​. ആഗസ്റ്റിൽ ഒമാന്‍റെ ഭാഗമായ മദ്​ഹയിൽ 2.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഭൂമിശാസ്ത്രപരമായി യു.എ.ഇക്ക്​ അകത്ത്​ സ്ഥിതി ചെയ്യുന്ന പ്രദേശം ഒമാന്‍റെ കീഴിലെ മുസന്ദം ഗവർണറേറ്റിന്‍റെ ഭരണത്തിലാണ്​​.

ആഗസ്റ്റിൽ തന്നെ ഫുജൈറയിലെ സഫാദ്​ പ്രദേശത്തും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. യു.എ.ഇ പ്രദേശങ്ങൾ സജീവ ഭൂകമ്പ മേഖലയിലല്ലെങ്കിൽ പോലും സമീപ പ്രദേശങ്ങളിലെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങൾ ചിലപ്പോൾ രാജ്യത്ത്​ അനുഭവപ്പെടാറുണ്ട്​. എന്നാലിത്​ കാര്യമായ പ്രത്യാഘാതങ്ങൾക്ക്​ കാരണമാകാറില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.