ദുബൈ: എമിറേറ്റിലെ ആഡംബര ഗതാഗത മേഖല കഴിഞ്ഞ വർഷം 44 ശതമാനം വളർച്ച രേഖപ്പെടുത്തി. 2023ൽ 3.02 കോടി യാത്രകൾ നടന്ന ഈ മേഖലയിൽ കഴിഞ്ഞ വർഷം 4.34 കോടി ട്രിപ്പുകളാണ് രേഖപ്പെടുത്തിയത്. ഓൺലൈൻ ബുക്കിങ് വഴി സമീപകാലത്തെ റെക്കോഡ് വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു.
സഞ്ചാരികളുടെയും താമസക്കാരുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച് ആർ.ടി.എ നടപ്പിലാക്കിയ പദ്ധതികളുടെ വിജയമാണ് വളർച്ച അടയാളപ്പെടുത്തുന്നത്. സുസ്ഥിരമായ വളർച്ചയാണ് ഈ സുപ്രധാന മേഖല കഴിഞ്ഞ വർഷങ്ങളിൽ കെവരിച്ചതെന്ന് ആർ.ടി.എ പൊതുഗതാഗത അതോറിറ്റിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ഷക്രി പറഞ്ഞു.
കഴിഞ്ഞ വർഷം ആകെ 7.55 കോടി യാത്രക്കാരാണ് ആഡംബര ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. 2023ൽ ഇത് 5.25 കോടി മാത്രമായിരുന്നു. നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനും യോജിച്ച ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈ കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തെ കൂടി ഈ വളർച്ച അടയാളപ്പെടുത്തുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. ആഡംബര ഗതാഗത മേഖലയിലെ ഓപറേറ്റിങ് കമ്പനികളുടെ എണ്ണം 2023ലെ 9ൽനിന്ന് 2024ൽ 13 ആയി വർധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണം 12,602ൽ നിന്ന് 16,396 ആയും കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.