ദുബൈ: എമിറേറ്റിന്‍റെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആദ്യ സംയോജിത വിനോദ വാഹന (ആർ.വി) റൂട്ട് പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. aസന്ദർശകർക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന ആർ.വി സ്റ്റേഷനുകൾ വിവിധ പാർക്കുകൾ, റോഡുകൾ എന്നിവയുമായി സംയോജിപ്പിച്ചിട്ടുള്ളതാണ് പുതിയ റൂട്ട്. ദുബൈയിൽ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്‍റെ പുതിയ മാതൃക വികസിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ റൂട്ട് പ്രഖ്യാപനം. ഇതിനായി മുനിസിപ്പാലിറ്റി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ഒരു നിയന്ത്രണ ചട്ടക്കൂട് പുറത്തിറക്കുകയും ചെയ്യും.
എമിറേറ്റിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും ഓപ്പറ്റേർമാർക്കും ആർ.വി റൂട്ടുകളും പാർക്കുകളും സൃഷ്ടിക്കാനും നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും അവസരമുണ്ടാകും. ദുബൈയിലെ പർവതങ്ങൾ, ബീച്ചുകൾ, മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങൾ എന്നിവയെ ഏകീകൃത ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതാണ് ആർവി റൂട്ട്. സാഹസികത, പ്രകൃതി മനോഹാരിത എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മനോഹരമായ യാത്ര ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയുന്നതായിരിക്കും പുതിയ ആർ.വി റൂട്ട്. എല്ലാ പ്രായക്കാരെയും ഉൾകൊള്ളാൻ കഴിയുന്ന രീതിയിലായിരിക്കും ഇതിന്‍റെ രൂപകൽപന.
ഹോസ്പിറ്റാലിറ്റി, ഡൈനിങ്, ക്ഷേമം, വിനോദ സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ചിട്ടുള്ള മേഖലയിലെ ആദ്യ ആർ.വി റൂട്ടാണ് ദുബൈ മുനിസിപ്പാലിറ്റി ആസൂത്രണം ചെയ്യുന്നത്. ആർ.വി സ്റ്റേഷനുകളുടെ ഉടമസ്ഥത, വാടക മാതൃകകൾ, വിശാലമായ വ്യവസായ വികസനം എന്നിവയെ പിന്തുണയ്ക്കുന്ന പേമെന്‍റ് പരിഹാരങ്ങൾ ഒരുക്കുന്നതിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ദുബൈ മുനിസിപ്പാലിറ്റി സഹകരിക്കും.
ഓപറേറ്റർമാർക്ക് ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി ഇളവുകളും സബ്സിഡികളും അനുവദിക്കും. പദ്ധതി നടത്തിപ്പിനായി പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകർ, ടൂർ ഓപ്പറേറ്റർമാർ, ആർ.വി പാർക്ക് ഓപ്പറേറ്റർമാർ, പൊതു-സ്വകാര്യ പങ്കാളികൾ എന്നിവരെ ക്ഷണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.