ദുബൈ: തുടക്കം മുതലേ അതിശയിപ്പിക്കുന്ന പുതുമകൾ കൊണ്ട് സന്ദർശകരെയും വ്യാപാര ലോക ത്തെയും വിസ്മയിപ്പിക്കുന്ന ഇടമാണ് ദുബൈയിലെ വാട്ടർഫ്രണ്ട് മാർക്കറ്റ്. വിമാനത്താവള ടെർമിനലിനെ അനുസ്മരിപ്പിക്കുന്ന, അത്യാധുനിക മീൻമാർക്കറ്റ് തുറന്നു കൊണ്ടായിരുന്നു ആദ്യ ഞെട്ടിക്കൽ. ഇത്തരമൊരു മാർക്കറ്റ് വരുന്നുണ്ടെന്ന വാർത്ത ആദ്യമായി ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചപ്പോൾ അങ്ങനെയൊന്ന് വരാൻ പോകുന്നില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയത്. വാർത്തക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞവരും ഒേട്ടറെയാണ്.
വാർത്തയിൽ പറഞ്ഞതിലും ഗംഭീരമായി മാർക്കറ്റ് വന്നു. സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിെൻറയാകെ മനം കവർന്നു. സെൽഫിയെടുക്കുവാൻ ദുബൈയിലെ ഏറ്റവും ശ്രദ്ധേയമായ ഇടം കൂടിയായി ഇവിടം മാറി. പുതുമയുള്ള നിരവധി കച്ചവട ചന്തങ്ങളാണ് ദുബൈ ഹംറിയയിലുള്ള ഈ മാർക്കറ്റിനെ അടിമുടി വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥാപിച്ച മുന്നിൽ മാത്രം ടയറുകളുള്ള സൈക്കിളുകളാണ് ഇപ്പോൾ മാർക്കറ്റിലെ താരങ്ങൾ. സൈക്കിൾ ചവിട്ടുമ്പോൾ ലഭ്യമാകുന്ന ഗതികോർജത്തെ ഉപയോഗപ്പെടുത്തി നല്ല ഒന്നാന്തരം ജ്യൂസ് തയാറാക്കുന്ന സാങ്കേതിക വിദ്യ! സൈക്കിളിനു മുന്നിലായി ഘടിപ്പിച്ച ജ്യൂസർ അതിവേഗത്തിൽ പ്രവർത്തിക്കുകയും കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ജ്യൂസ് ലഭിക്കുകയും ചെയ്യും.
പഴം-പച്ചക്കറി-മത്സ്യ ചന്തകൾക്കിടയിലുള്ള വരാന്തയിലാണ് ഈ സൈക്കിളുകൾ സ്ഥാപിച്ചിട്ടുള്ളത്. മാർക്കറ്റിൽനിന്ന് പഴം വാങ്ങി അവിടെ നിന്നു തന്നെ കഷണങ്ങളാക്കി കൊണ്ട് വന്ന്, സൈക്കിളുകളുടെ ഭാഗത്ത് പ്രവർത്തിക്കുന്ന കൗണ്ടറിൽ ഏൽപിക്കുക. അവർ പഴം ജാറിലിട്ട് സൈക്കിളിലെ ജ്യൂസറിൽ വെക്കും. ആരാണോ പഴം കൊടുത്തത്, അയാൾ സൈക്കിളിൽ കയറിയിരുന്ന് സുഖമായി ചവിട്ടുക. മിനിറ്റുകൾക്കുള്ളിൽ ജ്യൂസ് തയാറാകും. ഏത് തരത്തിലുള്ള പഴവും നിങ്ങൾക്ക് ഇവിടെ എൽപിക്കാം, കഷണങ്ങളാക്കണമെന്ന് മാത്രം. തീർത്തും സൗജന്യമായാണ് ജ്യൂസ് തയാറാക്കൽ.
ശുദ്ധ ഊർജ മേഖലയിലേക്ക് യു.എ.ഇ ചുവടുമാറ്റം തുടങ്ങിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും വൻ വേഗതയാണ് ഈ രംഗത്ത് കൈവരിച്ചിട്ടുള്ളത്. പോയവാരം ഗതികോർജത്തെ ഉപയോഗപ്പെടുത്തി മൊബൈലും മറ്റും ചാർജ് ചെയ്യുന്ന സൈക്കിളുമായി ഷാർജ രംഗത്തെത്തിയ വാർത്ത ഗൾഫ് മാധ്യമം നൽകിയിരുന്നു. അതിനു പിറകെയാണ് വാട്ടർഫ്രണ്ട് മാർക്കറ്റിലെ ജ്യൂസടിക്കുന്ന സൈക്കിളെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.