കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കായിക മേഖലയുടെ പങ്ക് വലുത്– അന്താരാഷ്ട്ര സെമിനാര്‍ 

ദുബൈ: കുറ്റകൃത്യങ്ങള്‍ തടയാന്‍ കായികമേഖലക്ക് ഏറെ പങ്കുവഹിക്കാനുണ്ടെന്ന് ദുബൈ പൊലീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം അഭിപ്രായപ്പെട്ടു. പുതുതരം കുറ്റങ്ങളും സാമൂഹിക ഭിന്നതകളും അസഹിഷ്ണുതയും വര്‍ഗീയ ഭീകരതയും പടരുമ്പോള്‍ ലോകത്തെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാധ്യമം കായികരംഗമാണ്. സന്തുഷ്ട സമൂഹ നിര്‍മിതിക്ക് കായികരംഗം എന്നായിരുന്നു ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷകര്‍തൃത്വത്തില്‍ നടന്ന ആറാമത് സമ്മേളനത്തിന്‍െറ പ്രമേയം. ദുബൈ സര്‍ക്കാറിന്‍െറ സന്തോഷ വ്യാപന ദര്‍ശനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ പ്രമേയം തെരഞ്ഞെടുത്തത്. 
കുറ്റകൃത്യങ്ങളുടെ പേരില്‍ പരിഹാര പാഠശാലയിലാക്കിയ കുട്ടികളെ വിവിധ സ്പോര്‍ട്സ് ഇനങ്ങള്‍ പരിശീലിപ്പിച്ചത് അവരുടെ സ്വഭാവത്തിലും ചിന്താഗതിയിലും ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സഹായിച്ചതായി ഇറാഖില്‍ നിന്നുള്ള ഗവേഷകന്‍ ഡോ. അലി ഖുദൈര്‍ അല്‍ മുസാവി അവതരിപ്പിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. 
മയക്കുമരുന്ന് ഉപയോഗം അറബ് രാജ്യങ്ങളിലെ യുവതക്കു മേല്‍ ശാപമായി മാറിയിരിക്കുകയാണെന്നും അതിനെ മറികടക്കാന്‍ സംഘടിതമായ ആസൂത്രിത ശ്രമങ്ങള്‍ ആവശ്യമാണെന്നും സമ്മേളന ഡയറക്ടര്‍  കേണല്‍ ഡോ. ജാസിം ഖലീല്‍ മിര്‍സ പറഞ്ഞു. 
കായിക മേഖലയില്‍ താല്‍പര്യം പുലര്‍ത്തുമ്പോള്‍ ആരോഗ്യത്തെയും ചിന്തയെയും നശിപ്പിക്കുന്ന ശീലങ്ങളില്‍ നിന്ന് വിടുതലുണ്ടാവും. കായിക മേഖലയുടെ പ്രാധാന്യം പ്രചരിപ്പിക്കാനും യുവജനങ്ങളില്‍ ഐക്യമുണ്ടാക്കാനും മാധ്യമങ്ങളും പങ്കുവഹിക്കണമെന്ന് സമ്മേളനം തയ്യാറാക്കിയ പ്രമേയം ആഹ്വാനം ചെയ്തു. മാധ്യമങ്ങള്‍ മുന്‍വിധികളും പക്ഷപാതവും കാണിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും.  ഫുട്ബാള്‍ മത്സരത്തിന്‍െറ കമന്‍ററി പറയുമ്പോള്‍ വരുത്തുന്ന പിഴവു പോലും അക്രമങ്ങളുണ്ടാക്കിയിട്ടുണ്ട്. യു.എ.ഇക്കു പുറമെ ബ്രിട്ടന്‍, അള്‍ജീരിയ, പോളണ്ട്, കൊറിയ, യു.എസ്, ഫലസ്തീന്‍ ആസ്ട്രേലിയ, ലിബിയ, സൗദി, സുഡാന്‍, ജോര്‍ദാന്‍, യമന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കുചേര്‍ന്നത്. 

News Summary - dubai sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.