ദുബൈ: എമിറേറ്റിലെ പൊലീസിനു കീഴിൽ പ്രവർത്തിക്കുന്ന ഹിമായ ഇന്റർനാഷനൽ സെന്റർ മയക്കുമരുന്നിന് അടിമപ്പെട്ട 458 പേരെ കഴിഞ്ഞ വർഷം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സെന്റർ ഡയറക്ടർ കേണൽ അബ്ദുല്ല അൽ ഖയാത്താണ് കണക്കുകൾ വെളിപ്പെടുത്തിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് കേസുകൾ റഫർ ചെയ്താണ് ചികിത്സ നൽകിവരുന്നത്. ഇക്കാര്യത്തിൽ കുടുംബങ്ങളുടെ പിന്തുണ ലഭിക്കുന്നതിനും മറ്റും ആവശ്യമായ ഇടപെടലുകളും അധികൃതർ നടത്തിവരുന്നുണ്ട്. ദുബൈ പൊലീസിന്റെ സഹായം ചോദിച്ച് എത്തുന്ന കുടുംബങ്ങളുമുണ്ടെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അൽ ഖയാത്ത് പറഞ്ഞു.
മൂന്നും നാലും വർഷം തുടർച്ചയായി നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയുമാണ് ചിലരുടെ ചികിത്സ പൂർത്തിയാക്കുന്നത്. രക്ഷിതാക്കളുടെ കൂടി പിന്തുണയോടെയാണ് ചികിത്സ. കൗമാരക്കാരും യുവാക്കളുമാണ് ഇത്തരം കെണിയിൽ കൂടുതലായി ഉൾപ്പെടുന്നതെന്നും അധികൃതർ പറയുന്നു. പൂർണമായും സൗജന്യമായാണ് ഹിമായ ഇന്റർനാഷനൽ സേവനം ഒരുക്കുന്നത്.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനും അധികൃതർ കർശന നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. 111 കിലോ ലഹരിമരുന്നുമായി ആഴ്ചകൾക്കു മുമ്പ് 28 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്നു സംഘങ്ങളെയാണ് പൊലീസ് പിടികൂടിയത്. 3.2 കോടി ദിർഹം വിലവരുന്ന ലഹരിമരുന്നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. 99 കിലോ കാപ്റ്റഗൺ ഗുളിക, 12 കിലോ ക്രിസ്റ്റൽ മെത്, ഹെറോയിൻ, കഞ്ചാവ് എന്നിവയാണ് മൂന്ന് ഓപറേഷനുകളിൽ മൂന്നു സംഘങ്ങളിൽനിന്ന് പിടിച്ചെടുത്തത്.
ലഹരിമരുന്ന് ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിലോ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ വഴിയോ വിവരം അറിയിക്കണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.