ദുബൈ: റോഡിലെ സഹ യാത്രികർക്ക് ശല്യമാകുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടിയെടുത്ത് ദുബൈ പൊലീസ്. അമിത ശബ്ദമുണ്ടാക്കുകയും റോഡിൽ അഭ്യാസം നടത്തുകയും ചെയ്ത 1230 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ 33,372 പേർക്ക് പിഴ ചുമത്തി.
റോഡിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഡ്രൈവിങ് സ്വഭാവ രീതികൾ തടയുന്നതിനും താമസക്കാരുടെ ജീവിത നിലവാരം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ‘ശാന്തമായ റോഡുകൾ’ എന്ന സംരംഭത്തിന്‍റെ ഭാഗമായിട്ടായിരുന്നു പൊലീസ് നടപടി.
ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്‍റെ നേതൃത്വത്തിലായിരുന്നു ക്യാമ്പയ്ൻ. നഗരത്തിൽ ശബ്ദമലിനീകരണം കുറക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക, സമീപപ്രദേശങ്ങളിൽ സുരക്ഷിതത്വ ബോധം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ക്യാമ്പയ്നിന്റെ ലക്ഷ്യം. കമ്യൂണിറ്റി സുരക്ഷ ശക്തിപ്പെടുത്താനും പൊതു സമാധാനം കാത്തുസൂക്ഷിക്കാനുമുള്ള ദുബൈ പൊലീസിന്‍റെ വിശാലമായ നയങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ സംരംഭമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.
അമിത ശബ്ദം, അശ്രദ്ധമായ ഡ്രൈവിങ്, അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ തുടങ്ങിയ ഉൾപ്പെടെ നിയമലംഘനങ്ങൾ താമസ മേഖകളിൽ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന് തുടക്കമിട്ടത്. ഡ്രൈവർമാരുടെ ഇത്തരം സ്വഭാവ രീതികൾ സമൂഹത്തിന്‍റെ ക്ഷേമത്തേയും സുഖകരമായ അന്തരീക്ഷത്തേയും നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരാതികളുടെയും കമ്യൂണിറ്റി റിപ്പോർട്ടുകളുടെയും ഡാറ്റ വിശകലനം വഴിയാണ് ക്യാമ്പയ്ൻ മുന്നോട്ടുപോകുന്നതെന്നും ഹോട്ട്സ്പോട്ടുകളും ആവർത്തിച്ചുള്ള ലംഘനങ്ങളും തിരിച്ചറിയാൻ ഇത്തരം രീതികൾ അധികാരികളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമല്ലാതെ വാഹനങ്ങളുടെ രൂപമാറ്റം വരുത്തിയ 1,178 കേസുകളാണ് ക്യാമ്പയ്ൻ കാലളയവിൽ റിപോർട്ട് ചെയ്തത്. കൂടാതെ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട 412 കേസുകളും അശ്രദ്ധമായി വാഹനമോടിച്ച 341 കേസുകൾ, ഹോണുകളും ശബ്ദ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത 230 കേസുകളും റിപോർട്ട് ചെയ്തിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾ ഉൾപ്പെട്ട 17,117 നിയമലംഘനങ്ങളും ഇലക്ട്രിക് ബൈക്കുകൾ ഉൾപ്പെട്ട 14,094 നിയമലംഘനങ്ങളും ക്യാമ്പയിനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.