ദുബൈ: രാത്രി വാഹനങ്ങൾ റോഡരികിൽ നിർത്തി നമസ്കാരവും പ്രാർഥനയും നിർവഹിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പൊലീസ് രംഗത്ത്. രാത്രികാലത്തെ തഹജ്ജുദ് ഉൾപ്പെടെയുള്ള നമസ്കാരം നിർവഹിക്കാൻ യാത്രക്കാരും ഡ്രൈവർമാരും റോഡുകൾ തിരഞ്ഞെടുക്കുന്നത് കൂടുന്ന പശ്ചാത്തലത്തിലാണ് സുരക്ഷിത സ്ഥലം തിരഞ്ഞെടുക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയത്. റമദാനിലെ അവസാന പത്തിൽ ഇത് വർധിക്കാനിടയുള്ള സാഹചര്യത്തിലാണ് നിർദേശം. റോഡരിക് മാത്രമല്ല, പള്ളികൾക്ക് മുന്നിലെ റോഡുകളും ഇത്തരത്തിൽ വിശ്വാസികൾ പ്രാർഥനക്ക് തിരഞ്ഞെടുക്കാറുണ്ട്.
ജീവിതം അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കണമെന്നും പൊലീസ് നിർദേശിച്ചു. ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ ഡ്രൈവർമാർ റോഡ് സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കാൻ കമ്പനി ഉടമകളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. റോഡുകളിൽ നിയമവിരുദ്ധമായി വാഹനം നിർത്തരുത്. വാഹനങ്ങൾ പാർക്കു ചെയ്യാൻ അടയാളപ്പെടുത്തിയ പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ വാഹനം നിർത്തിയിടാവൂ.
ആചാരപരമായ പ്രവൃത്തികളും പ്രാർഥനകളും നടത്താൻ അടുത്തുള്ള പള്ളികളിലേക്കോ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ പോകണമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പള്ളികൾക്ക് സമീപം വാഹനങ്ങളുടെ വേഗത കുറക്കണമെന്നും ദുബൈ പൊലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സെയ്ഫ് മുഹൈർ സയീദ് അൽ മസ്രൂയി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.