ദുബൈ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സാമൂഹിക മാധ്യമങ്ങളിൽ പടർന്ന 60 കിംവദന്തികൾ ദുബൈ നഗരസഭ തകർത്തു. പ്രചരണങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കാൻ ആരംഭിച്ച സംവിധാനം ഉപയോഗിച്ചാണ് ഇത് സാധിച്ചതെന്ന് ദുബൈ മുൻസിപ്പാലിറ്റി കസ്റ്റമർ റിലേഷൻസ് ഡയറക്ടർ ഖാദിർ ഹുസൈൻ അൽ നുെഎമി പറഞ്ഞു. ‘കൺഫേംഡ് ന്യൂസ് സർവീസിന്’ തുടക്കമിട്ട 2015 ജൂലൈ 23 മുതൽ 2016 തുടക്കം വരെ 15 പ്രചാരണങ്ങളാണ് പരിശോധിച്ചത്. 2016 ൽ 28 എണ്ണവും ഇൗ വർഷം ഇതുവരെ 18 പ്രചാരണങ്ങളും തടഞ്ഞു.
11 ാമത് ദുബൈ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിലെ ഭക്ഷ്യസുരക്ഷ, പോഷകാഹാര വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്ന സെമിനാറിൽ സംസാരിക്കവെയാണ് ഇൗ കണക്കുകൾ അവതരിപ്പിക്കപ്പെട്ടത്. പ്ലാസ്റ്റിക് അരിയും പാൽക്കട്ടിയും മുതൽ വിവിധ പാനീയങ്ങളിൽ കാൻസർ ഉണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടെന്ന പ്രചാരണം വരെ ഉണ്ടായി. മിക്ക കിംവദന്തികളും ഭക്ഷണവും കൺസ്യൂമർ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.
അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വിവരങ്ങൾ കണ്ടാൽ മുനിസിപ്പാലിറ്റിയിലെ കോൾ സെൻററിൽ ബന്ധപ്പെടാം. ടോൾ ഫ്രീ ഹോട്ട്ലൈൻ നമ്പറായ 800900 ൽ വിളിക്കുകയോ +971501077799 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴി ബന്ധപ്പെടുകയോ ചെയ്യാം. ഇവിടെ നിന്ന് സന്ദേശത്തിെൻറ നിജസ്ഥിതി മനസിലാക്കാൻ കഴിയും. എട്ട് മണിക്കൂറിനുള്ളിൽ ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകും. ഭക്ഷണത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലുണ്ടാകുന്ന വ്യാജ പ്രചാരണങ്ങൾ തടയാൻ മാധ്യമങ്ങളും ഭക്ഷ്യ റഗുലേറ്ററി അതോറിറ്റികളും പരിശ്രമിക്കണെമന്ന് സെമിനാറിൽ ആവശ്യമുയർന്നു.
ഡോ. അൻവർ അൽ ഹമ്മദി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.