കൊടുംചൂട്​​ പിന്നിട്ടുവോ? ചൂടിന്‍റെ കാഠിന്യത്തിൽ വിങ്ങുകയാണ്​ ദുബൈ

ദുബൈ: ചൂടിന്‍റെ കാഠിന്യത്തിൽ വിങ്ങുകയാണ്​ രാജ്യം. സീസണിലെ കൊടുംചൂട്​ പിന്നിട്ടുവോ? ഇനി ചൂട്​ കുറഞ്ഞുവരുമോ? തണുപ്പുകാലം എന്നെത്തും? യു.എ.ഇയിലെ താമസക്കാരുടെ വർത്തമാനങ്ങളിൽ ചൂടുവിശേഷങ്ങൾ നിറയുകയാണ്​. എന്നാൽ, കൊടും ചൂടിന്‍റെ കാലഘട്ടം രാജ്യം പിന്നിട്ടുവെന്നതാണ്​ ആശ്വാസകരമായ വാർത്ത. പക്ഷേ, ചൂട്​ അപ്പോഴും കുറയുന്നില്ല എന്നതുകൊണ്ട്​ ആശ്വാസം അത്ര അടുത്തല്ല താനും. യു.എ.ഇയിൽ കഠിന ചൂടിന്‍റെ കാലം ആഗസ്റ്റ് 11ന് അവസാനിച്ചെങ്കിലും ചുട്ടുപഴുത്ത ഭൂമിയിലെ ചൂട്​ വിട്ടുപോകാൻ അൽപം സമയമെടുക്കും. അതുവരെ ഈ കൊടുംചൂട്​ നിലനിൽക്കും. സെപ്​റ്റംബർ ആദ്യവാരത്തോടെയാണ്​ പൊള്ളുന്ന ചൂടിന്​ ശമനമായി തുടങ്ങുക.

വേനലിന്‍റെ അവസാന ഘട്ടം

അറേബ്യൻ പാരമ്പര്യ കലണ്ടർ പ്രകാരം കഠിനമായ ചൂടിന്‍റെ കാലഘട്ടമായ ‘ജംറത്ത് അൽ ഖൈസ്’ ആഗസ്റ്റ് 11ന് അവസാനിച്ചു. എന്നാൽ, നിലവിൽ ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ മൂന്നുവരെ നീണ്ടുനിൽക്കുന്ന ‘മർഖിയാത് അൽ ഖലാഇദ്' എന്ന അവസാന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭൂമി മുൻ ആഴ്ചകളിൽ ആഗിരണം ചെയ്ത ചൂട് നിലനിർത്തുന്നതിനാൽ ഈ സമയത്തും ഉയർന്ന താപനില അനുഭവപ്പെടാം.

സുഹൈൽ നക്ഷത്രത്തിന്‍റെ ഉദയം

വേനൽച്ചൂട് കുറയുന്നതിന്‍റെ പരമ്പരാഗത സൂചനയായ ‘സുഹൈൽ’ നക്ഷത്രം ആഗസ്റ്റ് 24ഓടെ തെക്കുകിഴക്കൻ മാനത്ത് ദൃശ്യമാകും. ഇത് പെട്ടെന്ന് തണുത്ത കാലാവസ്ഥ എത്തിക്കില്ലെങ്കിലും, കഠിനമായ ചൂട് ക്രമേണ കുറഞ്ഞു തുടങ്ങുന്നതിന്‍റെ പ്രധാന സൂചനയാണ്.

കാലാവസ്ഥയിലെ വ്യതിയാനങ്ങൾ

ഈ ഘട്ടത്തിൽ പകൽ സമയങ്ങളിൽ ഉയർന്ന ചൂട് തുടരുമെങ്കിലും, രാത്രികളിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും. കൂടാതെ അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റി വർധിക്കും. പ്രഭാതങ്ങളിൽ മഞ്ഞുവീഴ്ചയും പുൽത്തുമ്പുകളിൽ മഞ്ഞുതുള്ളികളും രൂപപ്പെടുകയും ചെയ്യും.

മഴക്കും കാറ്റിനുമുള്ള സാധ്യത

കിഴക്കൻ മേഖലകളിൽ നിന്നുള്ള ഈർപ്പമുള്ള ‘അൽ ഖൂസ്’ കാറ്റ് സജീവമാകുന്നതോടെ ഹജർ പർവതനിരകൾക്ക് മുകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് പ്രാദേശികമായി ‘അൽ റവാഇഹ്’ എന്നറിയപ്പെടുന്ന വേനൽക്കാല ഇടിമിന്നലോടു കൂടിയ മഴക്ക്​ കാരണമായേക്കാം.

ഔദ്യോഗിക വേനൽക്കാലം

കാലാവസ്ഥാ ശാസ്ത്ര പ്രകാരം ആഗസ്റ്റ് 31ന് വേനൽക്കാലം അവസാനിക്കും. എന്നാൽ, ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് സെപ്റ്റംബർ 23ലെ ‘ശരത്​കാല വിഷുവ’ത്തോടെ മാത്രമാണ് വേനൽക്കാലം പൂർണമായി അവസാനിക്കുന്നത്.

ചൂട് എപ്പോൾ മാറും?

ആഗസ്റ്റ് അവസാനത്തോടെ സീസൺ മാറുമ്പോഴും തണുത്ത കാലാവസ്ഥ പെട്ടെന്ന് വരില്ല. വരും ആഴ്ചകളിൽ താപനിലയിൽ ക്രമേണയുള്ള കുറവുണ്ടാകുകയും ഒക്ടോബർ പകുതിയോടെ കൂടുതൽ സുഖകരമായ കാലാവസ്ഥ രാജ്യത്ത് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. 

Tags:    
News Summary - Has the extreme heat passed? Dubai is sweltering under the intensity of the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.