ദുബൈ ആരോഗ്യ ഇന്‍ഷുറന്‍സ്: അവസാന സമയപരിധി മാര്‍ച്ച് 31

ദുബൈ: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി ദുബൈ സര്‍ക്കാര്‍ നിശ്ചയിച്ചു. ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്പോണ്‍സര്‍മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യസ്ഥരാവും. ദുബൈ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാനും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രമേയം നിഷ്കര്‍ഷിക്കുന്നു. 2017ലെ ആറാം നമ്പര്‍ പ്രമേയത്തിന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. 
2014 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന 11/2013 നമ്പര്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നിയമപ്രകാരം ഇതിനകം 98 ശതമാനം ദുബൈ നിവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.  അവശേഷിക്കുന്ന രണ്ട് ശതമാനം പേര്‍ക്കു കൂടി ഇന്‍ഷുറന്‍സ് നേടാനും പിഴ ഉള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് ഒഴിവാകാനും ഒരു അവസരം കൂടി നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. ആവശ്യമെങ്കില്‍ ഈ കാലാവധി വര്‍ധിപ്പിക്കാന്‍ ദുബൈ ആരോഗ്യ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതാമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
  നിയമപ്രകാരം യു.എ.ഇ പൗരന്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടത് ദുബൈ സര്‍ക്കാറിന്‍െറ ഉത്തരവാദിത്വമാണ്. പ്രവാസികളായ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തല്‍ തൊഴിലുടമകളുടെയും  കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് എടുത്തു നല്‍കല്‍ കുടുംബ നാഥരുടെയും ഉത്തരവാദിത്വമാണ്.  2014 മുതല്‍ ഘട്ടം ഘട്ടമായാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി വന്നത്. കഴിഞ്ഞ ഡിസംബര്‍ 31 നകം ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നെങ്കിലും അവസാന നിമിഷത്തെ ആവശ്യക്കാരുടെ ബാഹുല്യം മൂലം കമ്പനികള്‍ക്ക്  അപേക്ഷകള്‍ പരിഗണിച്ച് തീര്‍ക്കാനായിരുന്നില്ല. തുടര്‍ന്ന് പുതുവര്‍ഷത്തിന്‍െറ തുടക്കത്തിലും അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

News Summary - dubai health insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.