ദുബൈ: യു.എ.ഇയുടെ തൊഴിൽ മേഖലയിൽ വൻമാറ്റങ്ങൾക്ക് വഴിവെക്കുന്ന തൊഴിൽ വിസനയം മാറ്റത്തിനു പിന്നാലെ ജീവനക്കാർക്ക് ആകർഷകമായ തൊഴിലവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന മാനവവിഭവശേഷി നയം ദുബൈ സർക്കാർ പ്രഖ്യാപിച്ചു. ഏറ്റവും സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനൊപ്പം സ്വദേശിവത്കരണം, സ്ത്രീ ശാക്തീകരണം, നിശ്ചയ ദാർഢ്യ വിഭാഗങ്ങളെ മുൻനിരയിലെത്തിക്കുക എന്നിങ്ങനെ മാനവ വികസന അജണ്ടയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ശമ്പളത്തോടെയുള്ള ദീർഘ അവധി, കുറഞ്ഞ ജോലി സമയം, സൗകര്യമുള്ളയിടത്തിരുന്ന് ജോലി ചെയ്യാൻ അവസരം എന്നിങ്ങനെ മിടുക്കവും വിദഗ്ധരുമായ ജനങ്ങളെ^വിശിഷ്യാ സ്വദേശി സ്ത്രീകളെ സർക്കാർ സേവന മേഖലയിലേക്ക് കൂടുതലായി ആകർഷിക്കാൻ സഹായിക്കുന്നതാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയ പുതിയ തീരുമാനങ്ങൾ. സർക്കാർ ജീവനക്കാർക്കും കുടുംബത്തിനും വർഷത്തിൽ ഒരിക്കൽ യാത്ര ചെയ്യുന്നതിന് വിമാന ടിക്കറ്റ്, ഒാവർടൈം അലവൻസ്, ബോണസുകൾ, മക്കളുടെയും ഭാര്യമാരുടെയും വിദ്യാഭ്യാസത്തിന് ധനസഹായം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് പുതിയ തീരുമാനത്തിലുള്ളത്.
സ്വദേശി ജീവനക്കാരുടെ വാർഷിക യാത്രക്കുള്ള ടിക്കറ്റ് അനുവദിക്കുന്നത് നേരത്തേ 18 വയസിൽ താഴെയുള്ള മൂന്ന് മക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിൽ ഇനിയത് 21 വയസുവരെയുള്ള എല്ലാ മക്കൾക്കും നൽകും.
ശാരീരിക വ്യതിയാനങ്ങളും ഭിന്നശേഷിയുമുള്ള ആളുകളെ നിശ്ചയദാർഢ്യ വിഭാഗം എന്ന് വിളിക്കണമെന്ന തീരുമാനം വാക്കിലൊതുങ്ങൂന്നതല്ല എന്ന് തെളിയിക്കും വിധം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഹായകമാം വിധത്തിൽ ഒട്ടനവധി തീരുമാനങ്ങളും പുതിയ നയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടുതൽ ഉദാരമായ രീതിയിൽ ജോലിക്കയറ്റം, അധിക ജോലിക്ക് വേതനം, ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കൽ, സമയാസമയങ്ങളിലെ ബോണസ്, നൂതനവും സുഗമവുമായ രീതിയിൽ ജോലിക്ക് ആളെയെടുക്കൽ തുടങ്ങിയവയാണ് തൊഴിലിടത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ.
മാന്യവും ഉന്നത നിലവാരമുള്ള തൊഴിൽ സാഹചര്യം ഒരുക്കലാണ് മറ്റൊരു ആകർഷണീയത. സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ലക്ഷ്യമിടും. ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്കും കുടുംബത്തിനും പിന്തുണ നൽകും, ജീവനക്കാരുടെ ഭാര്യമാർക്കും 21 വയസിൽ താഴെയുള്ള മക്കൾക്കും പഠന സഹായം ഏർപ്പെടുത്തും,ജീവനക്കാർക്ക് പഠന ആവശ്യങ്ങൾക്കായി ശമ്പളത്തോടെ അഞ്ച് അവധികൾ അനുവദിക്കും. പഠനത്തിനും വിവര ശേഖരണത്തിനുമായി യാത്ര ചെയ്യാൻ അവസരം നൽകും, പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ആധുനിക നിലവാരമുള്ള പരിശീലനവും ഉറപ്പാക്കും.അവധികളിലെ വർധനവാണ് മറ്റൊരു ആകർഷണീയത. 8-^11 ഘടനയിലുള്ള ജീവനക്കാർക്ക് നിലവിൽ വർഷം തോറുമുള്ള 22 അവധികൾ 25 ആയി വർധിപ്പിക്കും.
നിലവിൽ 15 അവധി ലഭിച്ചിരുന്നവർക്ക് 18 ആക്കി വർധിപ്പിക്കും. ജീവിത പങ്കാളിയുടെ മരണം സംഭവിച്ചാൽ 10 ദിവസം അവധി, കുടുംബത്തിൽ മരണം സംഭവിച്ചാൽ അഞ്ചു ദിവസം അവധി, ആരോഗ്യ നില കണക്കിലെടുത്ത് രോഗ അവധികളിൽ വർധന, രക്ഷകർതൃത്വം വഹിക്കുന്ന ബന്ധുക്കളുടെ ആവശ്യാർഥമുള്ള അവധികൾ എന്നിവയും പുതിയ നിർദേശത്തിലുണ്ട്. നിശ്ചയ ദാർഢ്യവിഭാഗക്കാർക്ക് ആവശ്യാനുസരണം കുറഞ്ഞ ജോലി സമയം നൽകും. അഞ്ച് പ്രത്യേക അവധികൾ, ജോലിക്ക് എടുക്കുേമ്പാൾ പ്രത്യേക പരിഗണന എന്നിവയുമുണ്ടാവും.പൊതുതാൽപര്യം സംരക്ഷിക്കും വിധത്തിൽ തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഉത്തരവാദിത്വങ്ങൾ ഉറപ്പാക്കാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.