ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ആശയവിനിമയ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് രംഗത്ത് ദുബൈ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത അഞ്ച് വർഷത്തിനകം ബ്ലോക്ക്ചെയിൻ, മെറ്റാവേഴ്സ് സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം.
അഞ്ച് വർഷത്തിനകം 40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. 400 കോടി ഡോളറിന്റെ വരുമാനം ഇതുമൂലം ദുബൈയുടെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ജീവിതത്തിന്റെ സകല മേഖലകളെയും മാറ്റിമറിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് മെറ്റാവേഴ്സെന്ന് ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി. ദുബൈയിൽ മാത്രം നിലവിൽ ഈരംഗത്ത് ആയിരം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ദുബൈയുടെ സാമ്പത്തിക മേഖലക്ക് പ്രതിവർഷം 50 കോടി ഡോളർ സംഭാവന ചെയ്യുന്ന സ്ഥാപനങ്ങളാണ് അവ. ഈ രംഗം കൂടുതൽ ശക്തമാക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. ഇതിനായാണ് അഞ്ച് വർഷത്തിനകം ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കുന്നതും 40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും വിഭാവനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.