കുബ്ബവാല മുസ്തഫ
ദുബൈ: സിന്തറ്റിക് മയക്കുമരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തെരയുന്ന പ്രതിയെ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. കുബ്ബവാല മുസ്തഫ എന്നയാളെയാണ് ഇന്ത്യക്ക് കൈമാറിയത്. സി.ബി.ഐ, ഇന്റർപോൾ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) തുടങ്ങിയ അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ ശ്രമങ്ങളിലൂടെയാണ് ഇയാളെ അബൂദബിയിൽനിന്ന് പിടികൂടിയത്.
ഇതിനായി മുംബൈ പൊലീസിലെ നാലംഗ സംഘം കഴിഞ്ഞ ദിവസം ദുബൈയിലെത്തിയിരുന്നു. പ്രതിയെ പിടികൂടിയശേഷം ജൂലൈ 11ന് ഇന്ത്യയിലേക്ക് കൊണ്ടുപോയതായി ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സിന്തറ്റിക് മയക്കുമരുന്ന് നിർമാണ കേന്ദ്രം നടത്തിയതിന് 2024ൽ മുംബൈയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റു പ്രതികൾക്കൊപ്പം നടത്തിവന്ന മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 126 കിലോ മെഫഡ്രോൺ മയക്കുമരുന്നാണ് പിടികൂടിയത്.
തുടർന്ന് മുസ്തഫക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇയാൾ രാജ്യം വിട്ടു. പിന്നാലെ നവംബറിൽ ഇന്റർപോർ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. അടുത്ത കാലത്തായി ഇന്റർപോളിന്റെ സഹകരണത്തിലൂടെ 100 പ്രതികളെ വിജയകരമായി ഇന്ത്യയിലെത്തിക്കാനായതായി സി.ബി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.